അമിത കീടനാശിനിയും മാലിന്യവും; തുരുത്തുകളും ജലാശയങ്ങളും മരിക്കുന്നു
text_fieldsപൊഴുതന: കർശന പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ നിലനിൽക്കുമ്പോഴും വനങ്ങളിലും ജലാശയങ്ങളിലും വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും അമിതമായി രാസ കീടനാശിനി പ്രയോഗിക്കുന്നതും ജൈവവൈവിധ്യങ്ങൾക്ക് ഭീഷണിയാവുന്നു. ഇതോടെ ജില്ലയിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായ തുരുത്തുകളും ജലാശയങ്ങളും ഇല്ലാതാവുകയാണ്.
വിനോദസഞ്ചാരികളടക്കം പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് വലിയ ആഘാതം ഉണ്ടാക്കുന്നു. അമിത കീടനാശിനി പ്രയോഗം ജലാശയങ്ങളിലെ മത്സ്യങ്ങളെയടക്കം ദോഷകരമായി ബാധിക്കുന്നുണ്ട്. ആമ, മുഷി, രോഹു, കോട്ടി, പള്ളത്തി എന്നീ മത്സ്യങ്ങളുടെ നാശത്തിനും ഇവ കാരണമാകുന്നു.
സ്വകാര്യ എസ്റ്റേറ്റുകളിൽ തേയില, കാപ്പി എന്നിവക്ക് തളിക്കുന്ന കീടനാശിനിയാണ് മത്സ്യസമ്പത്തിന് ഭീഷണിയായി മാറുന്നത്. ഇത്തരം മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞതോടെ തുരുത്തുകളിൽ അപൂർവയിനം പക്ഷികൾ അടക്കമുള്ളവയുടെ വരവും കുറഞ്ഞു. സ്വകാര്യ എസ്റ്റേറ്റുകളിൽ കീടങ്ങളെ തുരത്തുന്നതിനും പുല്ലുകൾ കരിക്കുന്നതിനുമായി കയോളിൻ, ഗ്ലെയ്സിലിൽ, ഫ്ലയിട്ട്, എക്സൽ മിറ തുടങ്ങിയ കീടനാശിനികൾ നിയന്ത്രണങ്ങളില്ലാതെ തളിക്കുന്നതും ദോഷകരമായി ബാധിക്കുന്നു.
ഇതുമൂലം പൊഴുതനയിൽ മാസങ്ങൾക്കു മുമ്പ് വയലുകളിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊന്തിയിരുന്നു. ഞണ്ടുകളുടെ സാന്നിധ്യവും ഇല്ലാതായിട്ടുണ്ട്.
മേപ്പാടി-കൽപറ്റ റൂട്ടിൽ പഞ്ചമി വനത്തോട് ചേർന്ന് കൂമ്പാരമായാണ് പ്ലാസ്റ്റിക്കുകൾ നിക്ഷേപിച്ചിരിക്കുന്നത്. മാൻ, പന്നി, കുരങ്ങ്, വെരുക്, കാട്ടാട് തുടങ്ങിയ വന്യജീവികൾ അധിവസിക്കുന്ന പ്രദേശമാണ് ഇവിടം.
വഴിയോരത്ത് വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെയും. ഇത്തരം സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്തുകള് സൗകര്യം ഒരുക്കിയാൽ വനമേഖലയിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഇല്ലാതാക്കാം.
മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നടപടികൾ മാത്രമുണ്ടാകാത്തത് നിയമലംഘകർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.