മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം ദുരിതംപേറി കുടുംബങ്ങൾ
text_fieldsപൊഴുതന: വേനല്‍ കനത്തതോടെ വൈത്തിരി താലൂക്കിലെ മലയോര മേഖല കടുത്ത ജലക്ഷാമത്തിലേക്ക്. പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്. വേനല്‍ മഴ കുറഞ്ഞതും ചൂടു കൂടിയതുമാണ് കുടിവെള്ള ക്ഷാമം നേരത്തേ രൂക്ഷമാകാന്‍ കാരണം.
പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി, കലൂർ, ഇടിയംവയൽ, അച്ചൂർ നാലാം നമ്പർ, പുതിയ റോഡ് തുടങ്ങിയ മേഖലകളിലാണ് വരള്‍ച്ച രൂക്ഷമായി ബാധിക്കുന്നത്. ഈ പ്രദേശത്തെ ജലസ്രോതസ്സുകൾ ഭൂരിഭാഗവും വറ്റിവരണ്ടു. വേനല്‍ കടുത്തതോടെ ജലനിധി കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിനു വെള്ളവുമില്ല.
പലയിടത്തും ആഴ്ചയിൽ രണ്ടു ദിവസമാണ് വെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ പൈപ്പുകള്‍ തകരാറിലായത് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണികള്‍ നടക്കുകയാണ്. പട്ടികവർഗ പ്രദേശമായ വായനാംകുന്ന്, ഇടിയംവയൽ എന്നിവിടങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് ഏറ്റവുമധികം കുടിവെള്ളം ക്ഷാമം അനുഭവിക്കുന്നത്. ഒട്ടുമിക്ക കുടുംബങ്ങളും വെള്ളം വിലകൊടുത്തു വാങ്ങുന്ന സ്ഥിതിയാണ്.
മലയോര മേഖലകളില്‍ കനകമല അടക്കമുള്ള കുടിവെള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും കടുത്ത വേനലില്‍ ഇവയൊന്നും ജനങ്ങള്‍ക്ക് കൈത്താങ്ങാവുന്നില്ല. ഇവക്കു പുറമെ തോട്ടം മേഖലയിൽ കിലോമീറ്ററുകള്‍ നടന്ന് കുന്നും മലയും കയറി തലച്ചുമടായി വെള്ളം ശേഖരിച്ചെത്തേണ്ട ഗതികേടാണ്. മുന്‍കാലങ്ങളില്‍ പഞ്ചായത്തില്‍നിന്നുള്ള കുടിവെള്ളത്തിനു പുറമേ, ടാങ്കറില്‍ സ്വകാര്യ വ്യക്തികള്‍ എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.