ലക്ഷങ്ങൾ ചെലവിട്ടത് പാഴാവുന്നു; അച്ചൂരിലെ ഹരിത പാർക്ക് നാശത്തിന്‍റെ വക്കിൽ
text_fieldsപൊഴുതന: ഗ്രാമപഞ്ചായത്ത് അച്ചൂർ മൊയ്തീൻ പാലത്തിന് സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹരിത പാർക്ക് കാട് കയറി നശിക്കുന്നു. 2019ൽ ശുചിത്വമിഷൻ സഹായത്തോടെയാണ് മാലിന്യം കുന്നുകൂടിയ അച്ചൂർ മൊയ്തീൻ പാലം പരിസരം ശുചീകരിച്ചു ഉദ്യാന പാർക്ക് നിർമിച്ചത്.
പ്രാരംഭ ഘട്ടത്തിൽ ഹരിത കർമസേനയുടെ സഹായത്തോടെയാണ് പഞ്ചായത്ത് നിർമാണ പ്രവർത്തനം ഏകോപിപ്പിച്ചത്. കടുത്ത ദുർഗന്ധവും മാലിന്യങ്ങളും കുന്നുകൂടിയ പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി ഉദ്യാനം സഞ്ചാരികൾക്ക് തുറന്ന് നൽകുക എന്നതായിരുന്നു ലക്ഷ്യം. നിർമാണ ഘട്ടത്തിൽ സമീപത്തെ വയലിൽ നീർച്ചാലുകൾ വീെണ്ടടുത്തു മത്സ്യങ്ങളെ നിക്ഷേപിക്കാൻ കുളം നിർമിക്കുകയും ചെയ്തിരുന്നു.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി ചുറ്റുമതിൽ, പൂന്തോട്ടം, ടോയ്ലറ്റ്, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കുകയും ചെയ്തു.
തുടർന്നുള്ള നിർമാണം പൂർത്തീകരിക്കാത്തതും കോവിഡ് കാലഘട്ടത്തിൽ ഈ പ്രദേശം പരിപാലിക്കാത്തതും കാരണം പദ്ധതി മന്ദഗതിയിലായി. ഇപ്പോൾ ഈ പരിസരം കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമാണ്. പഴയതുപോലെ ഇതിന് സമീപങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവ്നായ ശല്യവും വർധിച്ചിട്ടുണ്ട്.
ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് പൊഴുതനയിലെ കുന്നുകളും മലകളും തേടി എത്തുന്നത്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ അധിക വരുമാനം ലഭിക്കുന്നതോടൊപ്പം ടൂറിസം മേഖലക്ക് ഗുണകരമായ മാറ്റം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.