വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി: നട്ടെല്ലൊടിഞ്ഞു തോട്ടം മേഖലയിലെ ടൗണുകൾ
text_fieldsപൊഴുതന: കോവിഡ് ഭീതിയിൽ നിന്ന് ജനം കരകയറിത്തുടങ്ങിയിട്ടും കച്ചവടം ക്ലച്ച്പിടിക്കാതായതോടെ ദുരിതത്തിലായിരിക്കുകയാണ് പൊഴുതന ടൗണിലെ വ്യാപാരികളും ഓട്ടോ ടാക്സി ജീവനക്കാരും. പ്രധാന ടൗണുകളിലൊന്നായ പൊഴുതന അങ്ങാടി തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും കൂടുതലായി ആശ്രയിക്കുന്നതും മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നുമാണ്.
2018ലെ പ്രളയം മുതൽ കോവിഡ് മഹാമാരി വരെ എത്തിയപ്പോൾ ടൗണിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ മേഖലക്കും വലിയ ആഘാതമായി. കാർഷിക, നിർമാണ മേഖലയിൽ ആളുകൾക്ക് തൊഴിൽ കുറഞ്ഞതും തോട്ടം മേഖലയിലുള്ള അടച്ചിടൽ അടക്കമുള്ള വലിയ പ്രതിസന്ധിയും വിലക്കയറ്റവുമാണ് പ്രധാന കാരണം.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം വൈകുന്നേരങ്ങളിലടക്കം ടൗണിൽ എത്തുന്നവരുടെ എണ്ണം ഇപ്പോൾ തീരെ കുറഞ്ഞു. പഴം, പച്ചക്കറി, പലചരക്ക്, സ്റ്റുഡിയോ, ബേക്കറി, ടീ സ്റ്റാൾ എന്നിവിടങ്ങളിലും കച്ചവടം തീരെ കുറവാണ്. ഓട്ടോ, ടാക്സി വാഹനങ്ങൾക്കും ഇതു തന്നെയാണ് സ്ഥിതി. ഒരു ദിവസം സ്റ്റാൻഡിൽ നിർത്തിയിട്ടാൽ വൈകീട്ട് ആകുമ്പോൾ പോലും ഡീസൽ പൈസ പോലും ലഭിക്കില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്.
കോവിഡിന് മുമ്പ് 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പൊഴുതന ടൗണിലെ കച്ചവടത്തെ അന്ന് മുതൽ തന്നെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ലോക്ഡൗൺ കഴിഞ്ഞിട്ടും കച്ചവടമില്ലാത്തത് വാടക അടക്കാൻ പ്രയാസം നേരിടുകയാണ്. പല വ്യാപാരികളുടെയും ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയിട്ട് മാസങ്ങളായി. മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.