പ്രളയം കവർന്നിട്ട് അഞ്ചാണ്ട്; ഇനിയും യാഥാർഥ്യമാകാതെ കുറിച്യാർമല എൽ.പി സ്കൂൾ
text_fieldsപൊഴുതന: പ്രളയം കവർന്ന് അഞ്ചാണ്ടിലേക്ക് അടുക്കുമ്പോഴും കുറിച്യാർമല എൽ.പി സ്കൂളിന്റെ നിർമാണം കടുത്ത അവഗണനയിൽ. പുനർ നിർമാണം മന്ദഗതിയിലായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും രക്ഷിതാക്കളുടെ ദുരിതവും ഇരട്ടിയായി. മണ്ണിടിച്ചിൽ മൂലം തകർന്ന കുറിച്യാർമല സ്കൂളിന്റെ സ്ഥലമെടുപ്പ് തുടങ്ങി വർഷങ്ങളായിട്ടും മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം മന്ദഗതിയിലാണ്.
2018 ആഗസ്റ്റ് എട്ടിനാണ് പൊഴുതന പഞ്ചായത്തിലെ 13 വാർഡ് കുറിച്യാർമലയിൽ അതിശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് കുറിച്യാർമല എൽ.പി സ്കൂൾ മണ്ണിനടിയിലായത്. നൂറോളം കുട്ടികളാണ് ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസിൽ പഠനം നടത്തിയിരുന്നത്. ഉരുൾ പൊട്ടലിനെ തുടർന്ന് തോട്ടം മേഖലയിലെ നിരവധി കുട്ടികളുടെ ഭാവി കണക്കിലെടുത്തും ദുരന്ത നിവാരണ അതോറട്ടറിയുടെ നിർദേശ പ്രകാരവും കുറിച്യാർ മലയിലെ സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത മേൽ മുറിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ മേൽ മുറിയിലെ മദ്റസ കെട്ടിടത്തിലാണ് അഞ്ചു വർഷമായി സ്കൂളിന്റെ പ്രവർത്തനം. ഏറെ പരിമിതിയിലാണ് മേൽമുറി മദ്റസയിൽ വിദ്യാർഥികളും അധ്യാപകരും കഴിയുന്നത്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലം, അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്ക് ആവശ്യമാണ്. നൂറുകണക്കിന് കുട്ടികളാണ് ഈ സ്കൂളിൽ പഠനം നടത്തിയിരുന്നത്. മൂന്ന് വർഷം മുമ്പ് സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി 13 വാർഡ് സേട്ടുകുന്ന് എട്ടേക്കർ ഭാഗത്ത് ഭൂമി ഏറ്റെടുത്തതായി പറയപ്പെടുന്നു. എന്നാൽ, ആദ്യം ഏറ്റെടുത്ത സ്ഥലം പിന്നീട് മാറ്റം വരുത്തുകയും സ്ഥലമേെറ്റടുപ്പിനായി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 58 ലക്ഷത്തിന് പുതിയ സ്ഥലം കണ്ടെത്തുകയും ചെയ്തു.
സേട്ടുക്കുന്നിൽ റോഡിനോട് ചേർന്ന് കോൺക്രീറ്റ് കെട്ടിടം ഉൾപ്പെടുന്ന സ്ഥലം പുതിയതായി കണ്ടെത്തിയിട്ടും രജിസ്ട്രേഷൻ അടക്കമുള്ളവ നടന്നില്ല. ഇതുമൂലം സ്ഥലമേറ്റെടുപ്പും തറക്കല്ലിടുന്ന നിർമാണ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാതായതോടെ പ്രദേശത്തെ സ്കൂൾ നിർമാണ കമ്മിറ്റി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. അന്ന് ഏറെ പ്രതിഷേധത്തിനിടയിൽ പുതിയ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, സ്കൂൾ നിർമാണം വൈകുന്നത് കാരണം വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. ഉരുൾ പൊട്ടലിന് സമീപം നിരവധി റിസോർട്ടുകളും വില്ലകളും വന്നിട്ടും സ്കൂൾ നിർമാണത്തിന് അനുമതി ലഭിക്കാത്തത് ചിലരുടെ രാഷ്ട്രീയ ഇടപെടൽ മൂലമെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.