അടച്ചുറപ്പുള്ള വീടില്ലാതെ മല്ലികയും കുടുംബവും
text_fieldsപൊഴുതന: കനത്ത മഴയിലും വെയിലിലും കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതത്തിലായിരിക്കുകയാണ് മല്ലികയും കുടുംബവും. പൊഴുതന പഞ്ചായത്തിലെ ഏഴാം വാർഡിൽപെടുന്ന സുഗന്ധഗിരി ബി.എൽ ക്വാട്ടേഴ്സ് പ്രദേശത്ത് പട്ടികവർഗ വിഭാഗത്തില്‍പെട്ട മല്ലികയും കുടുംബവുമാണ് ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ദുരിതം പേറുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച അഞ്ച് ഏക്കർ സ്ഥലത്ത് ഏതു നിമിഷവും തകർന്നു വീഴാവുന്ന വീട്ടിലാണ് താമസം. ഭർത്താവ് മരിച്ച മല്ലിക 10 വർഷമായി ഹൃദ്രോഗിയാണ്. രണ്ടു പെൺകുട്ടികൾ മാത്രമുള്ള ഈ വീട്ടിൽ കുടുംബത്തിന്റെ ഏക ആശ്രയവും ഇവരാണ്. 20 വർഷം മുമ്പാണ് 75000 രൂപ ഫണ്ട് ഉപയോഗിച്ച് ഇവർ വീട് നിർമിച്ചത്. നിർമാണത്തിലെ അപാകതയും വിണ്ടുകീറിയ വീടിന്റെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടി നിരവധിതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും മല്ലികയുടെ കുടുംബത്തിന്റെ ആവശ്യവും ആശങ്കയും ബന്ധപ്പെട്ട അധികൃതര്‍ കാണാതെ പോയി.
സര്‍ക്കാറിന്റെ ലൈഫ്മിഷന് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചെങ്കിലും ഫലം ഇതുവരെ കണ്ടില്ല. ട്രൈബൽ വകുപ്പിലും ഗ്രാമസഭയിലും അപേക്ഷ നല്കി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ ഈ കുടുംബത്തിന് എല്ല വര്‍ഷവും മഴക്കാലം തുടങ്ങിയാൽ ചോർച്ചയെ തടയാൻ വീടിനുമുകളിൽ പ്ലാസ്റ്റിക് മാറ്റി ഇടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് ഇത്തവണയെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.