അടിസ്ഥാന സൗകര്യങ്ങളില്ല; ദുരിതം പേറി പാറക്കുന്ന് എസ്റ്റേറ്റ് മേഖല
text_fieldsപൊഴുതന: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പതിറ്റാണ്ടുകളായി ദുരിതംപേറുകയാണ് തോട്ടം മേഖലയായ പാറക്കുന്നിലെ നൂറോളം തൊഴിലാളി കുടുംബാംഗങ്ങൾ. പൊട്ടിപ്പൊളിഞ്ഞ പാടികൾ നന്നാക്കാൻ മാനേജ്മെന്റ് മുൻകൈയെടുക്കാൻ വൈകുന്നതു മൂലം താമസിക്കുന്ന പാടികളിലെ ജീവിതം ഏറെ ദുസ്സഹമായി. ഇവിടെ നിലനിൽക്കുന്ന മിക്ക പാടികളും തകർച്ചയിലാണ്.
ഭിത്തികൾ വിണ്ടുകീറി മേൽക്കൂര തകർന്ന അവസ്ഥയിലാണ് പാടികൾ. ഇവക്കു പുറമെ പാറക്കുന്ന് മാസ്റ്റർ പ്രദേശത്തുനിന്ന് പാടികളിലേക്ക് എത്തിപ്പെടുന്നതിനായി നിർമിച്ച കോൺക്രീറ്റ് റോഡ് തകർന്നു. ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാൽ രോഗികൾ ഉൾപ്പെടെ മെയിൻ റോഡിൽ എത്തിപ്പെടുന്നത് സാഹസികമായാണ്.
പ്രദേശത്തെ മാലിന്യപ്രശ്നവും വെല്ലുവിളി ഉയർത്തുന്നു. മാലിന്യസംസ്കരണ സംവിധാനം തകിടംമറിഞ്ഞതോടെ കടുത്ത ദുരിതത്തിലാണ് നൂറോളം വരുന്ന തൊഴിലാളി കുടുംബങ്ങൾ. മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാതായതോടെ ഇവ പാടികൾക്കു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. പൊഴുതന പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് പാറക്കുന്ന്.
ഇവിടെ നൂറിലധികം തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്. എസ്റ്റേറ്റിൽ ചപ്പ് നുള്ളി ജീവിതം നയിക്കുന്ന ഇവർ ലൈഫ് ഭവനപദ്ധതിപ്രകാരം വീട് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.