വെള്ളവും വെളിച്ചവുമില്ല; ദുരിതക്കുഴിയിൽ കർപ്പൂരക്കാട് കോളനിക്കാർ
text_fieldsപൊഴുതന: പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുകയാണ് പെരിങ്കോട കർപ്പൂരക്കാട് കൈയേറ്റ ഭൂമിയിലെ ആദിവാസി കുടുംബങ്ങൾ. പൊഴുതന പഞ്ചായത്തിലെ ഏഴാം വാർഡിൽ ഹാരിസൺ മലയാളം പ്ലാന്റേഷനോട് ചേർന്നും കല്ലൂർ എസ്റ്റേറ്റിന് സമീപത്തതായും താമസിക്കുന്ന എട്ടോളം കുടുംബങ്ങളാണ് എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഇവർ 2003ൽ മേപ്പാടി, തരിയോട്, വൈത്തിരി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ നിന്ന് ആദിവാസി ഐക്യസമിതിയുടെ സഹായത്തോടെ കുടിയേറിപ്പാർത്ത ഭൂരഹിതരായ കുടുംബങ്ങളാണ്. പതിറ്റാണ്ടു കാലമായി മിച്ചഭൂമിയിൽ കുടിൽകെട്ടി താമസിച്ചു വരുന്നതല്ലാതെ നിയമപ്രകാരം ഇവർക്ക് ഭൂമി ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കോളനിയിൽ താമസിക്കുന്ന വിധവയായ കമലക്ക് ലഭിച്ചത് മുൻഗണനേതര റേഷൻ കാർഡാണ്. വൈദ്യതീ കരിക്കാത്ത ഇവരുടെ ഷെഡിൽ വൈദ്യുതി ലഭിച്ചെന്ന സാക്ഷ്യപത്രം ലഭിച്ചതോടെ ആനുകൂല്യങ്ങൾ മുടങ്ങിയതായി ഇവർ പറയുന്നു. കൈയേറ്റത്തിന്റെ പേരിൽ നിരവധി കേസുകൾ ഇപ്പോഴും ഇവർക്കിടയിൽ നിലനിൽക്കുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
മിച്ചഭൂമിയിലെ കുന്നിൻചെരുവുകളിൽ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡുളിൽ ഭൂരിഭാഗം കുടുംബങ്ങളും മഴയെയും തണുപ്പിനേയും വകവെക്കാതെയാണ് കഴിഞ്ഞുകൂടുന്നത്. 2018ൽ പ്രളയ കാലത്ത് സന്നദ്ധ സംഘടനകൾ ഇവരുടെ ദുരിതം തിരിച്ചറിഞ്ഞു മൂന്ന് ഷെഡുകൾ നർമിച്ചു നൽകിയിരുന്നു.
കടുത്ത കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശത്ത് ദൂരസ്ഥലങ്ങളിൽ നിന്നും തലച്ചുമടായാണ് കുടുംബങ്ങൾ കുടിവെള്ളം എത്തിക്കുന്നത്. ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി അടച്ചുറപ്പുള്ള ശുചിമുറി ഇല്ലാത്തതിനാൽ പുറംപോക്കിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തിലാണ്. ഭൂമിയും അടച്ചുറപ്പുള്ള വീടുമെന്ന സ്വപ്നം എന്ന് യാഥാർഥ്യമാവുമെന്ന് അറിയാത്ത ഇവർ, തങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.