കാൽപന്തിനാൽ ജീവകാരുണ്യം; പി.എൽ.സി പെരുങ്കോട 10ാം വർഷത്തിലേക്ക്
text_fieldsപൊഴുതന: കാൽപന്തിനെ ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന പെരുങ്കോട ലേബർ ക്ലബ് (പി.എൽ.സി) പത്താം വർഷത്തിലേക്ക്. പെരുങ്കോടയെന്ന പച്ചപുതച്ച ഗ്രാമവും ഫുട്ബാളും തമ്മിൽ അത്ര ഇണക്കമുണ്ട്. മണ്ണിനെയും പന്തിനെയും ഒരുപോലെ പ്രണയിച്ച ദേശമാണിത്.
മുൻഗാമികൾ പകർന്നു നൽകിയ കളിയാവേശം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന ക്ലബ് വൈവിധ്യമാർന്ന നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങളിൽ ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതത് വർഷം നടത്തി വരാറുള്ള ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. 2025 ജനുവരി ആദ്യവാരത്തിൽ ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റാണ് നടത്തുക. പി.എൽ.സി പെരിങ്കോടയും വയനാട് വിഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഓൾ ഇന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കളിയാരവം 2025 ജനുവരി ആദ്യവാരത്തിൽ പെരിങ്കോട് ഫ്ലഡ്ലിറ്റ് ഗാലറി സ്റ്റേഡിയത്തിലാണ് നടക്കുക. ലാഭവിഹിതത്തിൽ നിന്ന് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം നൽകും. ജില്ലയിലെ അഞ്ചു പെൺകുട്ടികളുടെ വിവാഹത്തിനും രോഗികൾക്കും സഹായം നൽകും.
വാർത്തസമ്മേളനത്തിൽ ക്ലബ് രക്ഷാധികാരികളായ സി.എച്ച്. മമ്മി, കെ.ജെ. ജോൺ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ യു. മുജീ ബ് റഹ്മാൻ, കൺവീനർ ഇ. ഷാജി, ട്രഷറർ കെ. ഷിഹാബ്, വൈസ് ചെയർമാൻ ഹനീഫ വെൽഫിറ്റ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.