സാഹസിക സഞ്ചാരികളുടെ മനം കവർന്ന് വലിയപാറ
text_fieldsപൊഴുതന: പ്രകൃതിസൗന്ദര്യത്താല്‍ അത്യപൂര്‍വ വിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് വലിയപാറ. ടൂറിസം മാപ്പിൽ ഇടം പിടിച്ചില്ലെങ്കിലും ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന കുറുമ്പാലക്കോട്ട മലയോട് രൂപസാദൃശ്യമുള്ള പ്രദേശമാണിത്. പൊഴുതന പഞ്ചായത്തിലെ സേട്ട്കുന്നിൽ കൂറ്റന്‍ പാറകളാല്‍ നിലകൊള്ളുന്ന പ്രദേശം ഏറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടിപ്പോൾ.
സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തില്‍ വിസ്തൃതമായി സ്ഥിതിചെയ്യുന്ന ഇവിടെ സഞ്ചാരികള്‍ക്ക് അവിസ്മരണീയ കാഴ്ചകള്‍ പ്രകൃതിതന്നെ ഒരുക്കിയിരിക്കുന്നു. ഭൂനിരപ്പിൽനിന്ന് ആയിരത്തോളം അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. നീണ്ടുനിവര്‍ന്നു വിശാലമായി കിടക്കുന്ന ഈ പാറയുടെ മുകളില്‍നിന്നാല്‍ താഴെ അതിമനോഹര കാഴ്ചകളാണ്.
കൽപറ്റ മൈലാടിപ്പാറ, പള്ളിക്കുന്ന്, ചുണ്ടേൽ തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരക്കാഴ്ചയും ഇവിടെനിന്ന് കാണാം. പച്ചപ്പു നിറഞ്ഞ പുല്‍മേടുകളും തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. താഴെനിന്നും കുത്തനെ കയറ്റം കയറിയുള്ള യാത്ര സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടും. വലിയ മുനമ്പുകളും നടവഴിയും താണ്ടി ഇവിടെ എത്തിക്കഴിഞ്ഞുള്ള കാഴ്ചാനുഭവം യാത്രയുടെ മുഴുവൻ ക്ഷീണവും മാറ്റാൻ പോന്നതാണ്. കുന്നിന്മുകളില്നിന്നുകൊണ്ട് ഇളങ്കാറ്റേറ്റ് സൂര്യാസ്തമയം കാണാന്‍ നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.