കാലവർഷം വിളിപ്പാടകലെഭീതിയിൽ പാടികളിലെ ജീവിതം
text_fieldsപൊഴുതന: കൂലി വർധനവ്, ലയങ്ങളുടെ ശോചനീയാവസ്ഥ, ഗ്രാറ്റിവിറ്റി തുടങ്ങിയ കാര്യങ്ങളിൽ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് മുന്നിൽ തങ്ങളുടെ ദുരിതങ്ങൾ ആവർത്തിച്ചിട്ടും യാതൊരു നടപടിയും ഇല്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊഴുതനയിലെ തോട്ടം തൊഴിലാളികൾ.
എസ്റ്റേറ്റ് മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന ദുരിതങ്ങൾക്ക് മാറ്റമില്ലാതായതോടെ പ്രതിസന്ധികളുടെ പടുകുഴിയിലാണിവർ. തേയില, കാപ്പി കൃഷിയിടങ്ങളിൽ വിവിധ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് മാനേജ്മെന്റുകളുടെ കെടുകാര്യസ്ഥത മൂലം ദുരിതത്തിലായത്. തൊഴിൽനിയമമനുസരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ എസ്റ്റേറ്റുകളിൽ തേയിലനുള്ളി ജീവിതം പുലർത്തുന്നവരാണ് ഭൂരിഭാഗം കുടുംബാംഗങ്ങളും.
നിലവിൽ അച്ചൂർ എസ്റ്റേറ്റിന് കീഴിലെ അച്ചുർ, പാറക്കുന്ന്, കല്ലൂർ ഡിവിഷനുകളും കുറിച്യാർമല എസ്റ്റേറ്റിലെ വേങ്ങത്തോട് എന്നീ പ്രദേശങ്ങളുമാണുള്ളത്. മിക്ക മേഖലയിലും ഡിവിഷനുകളിലെ തൊഴിലാളികൾ താമസിക്കുന്ന പാടിലൈനുകൾ പൂർണ തകർച്ചയിലാണ്.
1940 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ നിർമിച്ചവയാണിവ. ഓടുകൾ ഇളകി തൂണുകൾ ദ്രവിച്ച പ്രദേശത്തെ മിക്ക ലയങ്ങളും ബലക്ഷയം സംഭവിച്ചതിനാൽ വേനൽക്കാലത്തുപോലും പാടിയിൽ ഭയത്തോടുകൂടിയാണ് കുടുംബങ്ങൾ അന്തിയുറങ്ങുന്നത്.
ലയങ്ങളുടെ ശോചനീയാവസ്ഥക്ക് പുറമേ കുടിവെള്ള, മാലിന്യ സംസ്കരണ സംവിധാനാമില്ലാത്തതും തൊഴിലാളികളെയും കുടുംബങ്ങളേയും പ്രയാസപ്പെടുത്തുന്നു.
തൊഴിലാളികളുടെ ചികിത്സക്കായി പ്രവർത്തിക്കുന്ന കുറിച്യാർമല ഡിസ്പെൻസറിയുടെ പ്രവർത്തനവും വർഷങ്ങൾക്ക് മുമ്പ് നിലച്ചതും ദുരിതമാണ്. തൊഴിലാളികൾക്ക് കിടത്തി ചികിത്സയുണ്ടായിരുന്ന പാറക്കുന്ന് 19 ആശുപത്രിയും വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കിയിരുന്നു. മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാതെ ഇവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.