തെരുവുനായ്ക്കൾ പെരുകി; ആക്രമണഭീതിയിൽ പൊഴുതന
text_fieldsപൊഴുതന: പൊഴുതനയിൽ വർധിച്ചുവരുന്ന തെരുവ്നായ ശല്യത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറകാത്തത് അപകട ഭീഷണിക്ക് കാരണമാകുന്നു. മാസങ്ങളായി പൊഴുതന പഞ്ചായത്തിൽ നായ്ക്കളുടെ കടിയേറ്റ് അപകടം പതിവാണ്.
കുട്ടികളും വയോധികരും വളർത്തു മൃഗങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയാവുന്നത്. ആറു മാസത്തിനിടെ പഞ്ചായത്തില്‍ എട്ടു പേര്‍ക്കും മൂന്ന് വളർത്തു മൃഗങ്ങൾക്കും കടിയേറ്റിരുന്നു. നൂറു കണക്കിന് നായ്ക്കളാണ് ടൗണിൽ അലയുന്നത്. മത്സ്യ ഇറച്ചിമാര്‍ക്കറ്റ്, ആശുപത്രി, ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി നായ് ശല്യമുണ്ട്.
പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രികരും ഭയന്നാണ് സഞ്ചരിക്കുന്നത്. പഞ്ചായത്തിലെ ആറാംമൈൽ, പന്നിയോറ, അച്ചൂർ പ്രദേശത്തും ഇവയുടെ ശല്യം രൂക്ഷമാണ്.
ബൈക്കില്‍ സഞ്ചരിച്ച ആനോത്ത് സ്വദേശികളായ ദമ്പതികൾക്കും പൊഴുതന ടൗണിലെ വ്യാപാരിക്കും ബൈക്കിന് മുന്നിൽ നായ് കുറുകെ ചാടിയതിനെത്തുടര്‍ന്ന് പരിക്കേറ്റിരുന്നു.
ഇവരുടെ കൈയിൽ പൊട്ടലുണ്ടായതിനെതുടർന്ന് മാസങ്ങൾ ചികിത്സ തേടേണ്ടിവന്നു. ആറാം മൈൽ പ്രദേശത്ത് വിദ്യാർഥികൾക്കും കടിയേറ്റിരുന്നു. മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടക്കാത്തതും പ്രദേശത്ത് നായ ശല്യം വർധിക്കാൻ കാരണമാണ്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
പൊഴുതന: പൊഴുതനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വേങ്ങത്തോട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന വർഗീസ് കുഞ്ഞച്ചനാണ് (65) നായുടെ കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ ആറാംമൈൽ പുതിയ റോഡ് പ്രദേശത്ത് നടന്നുപോകുമ്പോൾ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ വർഗീസിനെ ചികിത്സക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏറെ കാലമായി പൊഴുതന ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം വർധിക്കുകയാണ്. ഇതിന് ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. തെരുവുനായ്ക്കളെ പേടിച്ച് പ്രദേശത്തുള്ളവർക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.