പ്രഖ്യാപനം കടലാസിൽ; മോക്ഷം കാത്ത് സുഗന്ധഗിരി ആരോഗ്യകേന്ദ്രം
text_fieldsപൊഴുതന: ജില്ലയിലെ ഏറ്റവും വലിയ പട്ടികവർഗ മേഖലയായ സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രൈമറി ഹെൽത്ത് സെന്ററായി ഉയർത്തി വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിട നിർമാണം കടലാസിൽ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതോടെ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗികൾ വലിയ ദുരിതത്തിലാണ്.
സുഗന്ധഗിരി പ്ലാന്റേഷനുസമീപം പതിറ്റാണ്ടുകാലമായി പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രം 2019 ൽ തകർച്ച ഭീഷണിയെത്തുടർന്ന് സമീപത്തെ വൃന്ദാവൻ എൽ.പി സ്കൂളിലേക്ക് മാറ്റി. 2022 ൽ കൽപറ്റ നിയോജകമണ്ഡലം എം.എൽ.എ ഒരു കോടി രൂപ പ്രൈമറി ഹെൽത്ത് സെന്ററിന്റെ നിർമാണത്തിന് വകയിരുത്തിയെങ്കിലും നിർമാണം കടലാസിൽ ഒതുങ്ങി. സ്കൂളിലെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സുഗന്ധഗിരിയിൽ സന്നദ്ധ സംഘടന ഭവനരഹിതർക്ക് നിർമിച്ചു നൽകുന്ന കെട്ടിടത്തിലാണ് നിലവിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
സംസ്ഥാന സർക്കാർ 2019- 20 വർഷത്തിൽ ആർദ്രം മിഷന്റെ ഭാഗമായും സുഗന്ധഗിരി ഉൾപ്പെടെ ജില്ലയിലെ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. പൊഴുതന പഞ്ചായത്തിലെ ആദിവാസി മേഖലയായ സുഗന്ധഗിരി പ്ലാന്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിന് പരിമിതമായ സൗകര്യങ്ങളാണുള്ളത്. ആദിവാസികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്.
ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. രോഗനിർണയത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലബോറട്ടറി, ഫർണിച്ചർ, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിമിതമാണ്.വൈത്തിരി പഞ്ചായത്തിലെ ഏതാനും കുടുംബങ്ങളും ചികിത്സക്കായി സുഗന്ധഗിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഡോക്ടർ, ആശുപത്രി ജീവനക്കാർ, ഫീൽഡ് സ്റ്റാഫ് അടക്കം പത്തോളം ജീവനക്കാർ ജോലി ചെയ്യുന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.