കാത്തിരിപ്പ് നീളുന്നു; കർപ്പൂരക്കാട് നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ കടലാസിൽ
text_fieldsപൊഴുതന: വാസയോഗ്യമായ വീടുകളില്ലാതെ അധികൃതരുടെ കടുത്ത അവഗണനയിലാണ് കർപ്പൂരക്കാട് കോളനിക്കാർ. പൊഴുതന പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കർപ്പൂരക്കാട് കോളനിയിൽ അടിസ്ഥാന വികസനം വാക്കുകളിൽ ഒതുങ്ങി. പടിഞ്ഞാറത്തറ ഭാഗത്ത് താമസിച്ചിരുന്ന ഭൂരഹിതരായ ആദിവാസി കുടുംബാംഗങ്ങൾ 2007ലാണ് വനഭൂമി കൈയേറി കുടിലുകൾ കെട്ടി താമസിച്ചത്.
നിലവിൽ താമസിക്കുന്ന കൈയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നതായി കോളനിക്കാർ പറയുന്നു. വൈത്തിരി പൊഴുതന റൂട്ടിൽ പെരിങ്ങോടക്കു സമീപത്തുള്ള കുന്നിൻചെരുവിൽ പത്തോളം പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ താമസിച്ചു പതിറ്റാണ്ട് പിന്നിട്ടിട്ടും താമസിച്ചുവരുന്ന സ്ഥലത്തിന്റെ അവകാശികളെന്ന് തെളിയിക്കാനാകാതെ ദുരിതത്തിലാണിവർ.
ലൈഫ് ഭവന പദ്ധതി അടക്കമുള്ളവയിൽ അപേക്ഷ നൽകിയിട്ടും പുതിയ വീടുകൾ ആർക്കും ലഭിച്ചിട്ടില്ല. കാലഹരണപ്പെട്ട ചോരുന്ന ഷെഡുകളിൽ സൗകര്യവുമില്ലാതെ ദുരിതത്തിലാണിവർ. കുടിവെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും അപര്യാപ്തം. ഇതോടെ കുട്ടികളെ ഉൾപ്പെടെ ഹോസ്റ്റലിലേക്ക് മാറ്റി.
മഴക്കാലത്തും വേനലിലും ഒരു പോലെ ദുരിതത്തിലാണ് കർപ്പൂരകാട് കോളനി. വൃത്തിയുള്ള കുടിവെള്ളം കിട്ടാത്തതും പ്രധാന പ്രശ്നമാണ്. ചിലർക്ക് പട്ടയമോ മറ്റു രേഖകളോ ഇല്ല.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ൽ ട്രൈബൽ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടും റേഷൻ കാർഡടക്കമുള്ളവ പലർക്കും ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.