ഇവ താമസ കേന്ദ്രങ്ങളല്ല, ദുരിത ലയങ്ങൾ
text_fieldsപൊഴുതന: വാസയോഗ്യമായ ലയങ്ങൾ ഇല്ലാതായതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് താമസം മാറേണ്ടിവന്നത് നൂറുകണക്കിന് തോട്ടംതൊഴിലാളികൾക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആയിരത്തോളം തോട്ടം തൊഴിലാളിലാണ് മറ്റു മാർഗങ്ങളില്ലാതെ എസ്റ്റേറ്റ് ലയങ്ങൾ ഉപേക്ഷിച്ചത്. മിക്ക എസ്റ്റേറ്റുകളിലും കാലപഴക്കത്താൽ ലയങ്ങൾ തകർന്നു. അവശേഷിക്കുന്നവ ഇതരസംസ്ഥാന തൊഴിലാളികൾ കൈയ്യടക്കുകയും ചെയ്തു.
തോട്ടം മേഖലയായ പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ വിവിധ എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച ആയിരത്തോളം ലയങ്ങളുണ്ട്. 1940ൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ചവയാണ് ഭൂരിഭാഗവും. പരമാവധി അഞ്ചു ലൈനുകളുള്ള പാടി റൂമുകളിൽ ഒരു കിടപ്പ് മുറി, അടുക്കള, ടോയിലറ്റ് സംവിധാനമാണുള്ളത്. 70-80 വർഷങ്ങൾക്ക് മുമ്പ് കല്ലും മരവും ഉപയോഗിച്ചു നിർമിച്ച ഇവയുടെ അറ്റകുറ്റപ്പണികൾ നടത്താൻ മാനേജ്മെന്റുകൾ താല്പര്യം കാണിക്കാതായതോടെയാണ് തകർച്ചയിലേക്ക് നീങ്ങിയത്.
അച്ചൂർ, കുറിച്യർമല, പുൽപ്പറ, മേപ്പാടി, നെടുങ്കരണ, അരപ്പറ്റ തുടങ്ങിയ വിവിധ ഡിവിഷനിൽ നിരവധി ലയങ്ങൾ തകർന്നടിഞ്ഞു. മറ്റു മാർഗങ്ങളില്ലാതെയാണ് തൊഴിലാളികൾ വാടക റൂമിലേക്ക് താമസം മാറിയത്. തോട്ടം മേഖലയിൽ പാടികളുടെ തകർച്ചക്ക് പുറമെ കൂലിപ്രശ്നം, കുടിവെള്ളമില്ലായ്മ, വന്യജീവി ശല്യം തുടങ്ങിയവയും ദുരിതം ഇരട്ടിപ്പിച്ചു. സന്ധ്യയായാൽ ക്വാർട്ടേഴ്സുകൾക്കുചുറ്റും കാട്ടാന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വരുന്നു. കാട്ടാനയുടെ ആക്രമണം ഭയന്ന് ഉറക്കമില്ലാത്ത രാത്രികളാണ് തൊഴിലാളികൾക്ക്.
രാത്രിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം പതിവാണ്. പകൽ ജോലിയെടുക്കുന്ന തോട്ടങ്ങളിലും വന്യമൃഗങ്ങളുടെ ഭീഷണിയുണ്ട്. വനപ്രദേശത്തോട് ചേർന്നുകിടക്കുന്നതിനാൽ ഇവിടെ രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗശല്യവും രൂക്ഷമാണ്.അധികൃതർ തൊഴിലാളികളുടെ കാര്യങ്ങൾ അന്വേച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നില്ലെന്ന് തൊഴിലാളികൾക്ക് പരാതിയുണ്ട്.
തൊഴിൽ വകുപ്പിന്റെ പരിശോധന പേരിന്
കൽപറ്റ: തോട്ടംതൊഴിലാളികളുടെ താമസസ്ഥലങ്ങൾ താമസയോഗ്യമല്ലാതായിട്ടും തൊഴിൽവകുപ്പിന്റെ പരിശോധന പേരിന് മാത്രം. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊർജിത പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം തൊഴിൽ വകുപ്പ് കമീഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചിരുന്നു. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സ സംവിധാനങ്ങള്‍, അംഗൻവാടികള്‍, കളിസ്ഥലം, കമ്യൂണിറ്റി സെന്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. തൊഴിലാളികളെ നേരില്‍ കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്‍ഹമായ അവധികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷന് ചീഫ് ഇന്‍സ്പെക്ടര്‍ ലേബര്‍ കമീഷണര്‍ക്ക് നല്‍കണം. പരിശോധന പൂര്‍ത്തിയായി 72 മണിക്കൂറിനകം ലേബര്‍ കമീഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണം.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണമെന്നും കമീഷണർ അറിയിച്ചിരുന്നു. എന്നാൽ കാലാകാലങ്ങളിലായി എസ്റ്റേറ് പാടികളിൽ ചട്ടപ്പടി പരിശോധന നടക്കുകയലാതെ നടപടികൾ മാത്രം ഉണ്ടാകുന്നില്ല. ജില്ലയിലെ വിവിധയിടങ്ങളിലെ എസ്റ്റേറ്റ് മേഖലകളിലെ തൊഴിലാളികളുടെ പാടികളുടെ ദുരവസ്ഥ ഇത് വെളിവാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.