നാട്ടിലിറങ്ങി ഭീതിവിതച്ച് കാട്ടാനകൾ
text_fieldsപൊഴുതന: കുറിച്യർമലയിൽ കാട്ടാനയുടെ പരാക്രമം. എസ്റ്റേറ്റ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. കറുവാൻത്തോട് സ്വദേശി ഷാജിയാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഷാജി എസ്റ്റേറ്റിൽ ജോലിക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുറിച്യർമല ഫാക്ടറിക്ക് സമീപം കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ഷാജി ഓടിരക്ഷപെട്ടു. ഷാജിക്ക് നേരെ പാഞ്ഞടുത്ത കാട്ടാന ബൈക്ക് തകർത്തു. വനംവകുപ്പും നാട്ടുകാരും സ്ഥലത്തെത്തി. പൊഴുതന പഞ്ചായത്തിലെ കുറിച്യർമല, വേങ്ങത്തോട്, കല്ലൂർ, സുഗന്ധഗിരി ഭാഗങ്ങളിൽ ആനശല്യം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കല്ലൂർ എസ്റ്റേറ്റ് ഭാഗത്ത് എത്തിയ ആനക്കൂട്ടം മണിക്കൂറുകളോളം ഭീതി പരത്തിയാണ് കാട് കയറിയത്. തേയില തോട്ടങ്ങളിൽ കാട് നിറഞ്ഞതും ചക്ക, മാങ്ങ എന്നിവയുടെ സീസൺ ആരംഭിച്ചതും വന്യജീവികളുടെ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
കാട്ടാന കൃഷി നശിപ്പിച്ചു
പുൽപള്ളി: മുഴിമല കുരിശു കവലയിൽ ആനയിറങ്ങി വാഴ, ഏലം, കാപ്പി, കവുങ്ങ് വിളകൾ നശിപ്പിച്ചു. ഒറ്റക്കുന്നേൽ തോമസ്, ബേബി, കോതാട്ടുകാലായിൽ ഗ്രേസി, ചാക്കോ, ഒറ്റക്കുന്നേൽ തോമസ് കവുങ്ങുംപള്ളി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശമുണ്ടാക്കിയത്. വേലിയമ്പം, വീട്ടിമൂല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഭീതി പരത്തിയിരുന്നു.
മൂരിയെ കാട്ടാന കുത്തികൊന്ന സംഭവത്തിന് പിന്നാലെ വീട്ടിമൂലയിൽ വീടിന്റെ മതിൽ തകർത്തിരുന്നു. മഴ തുടങ്ങിയതോടെ വനത്തോട് ചേർന്ന പ്രദേശങ്ങളിൽ നിത്യവും കാട്ടാന വൻ നഷ്ടമാണുണ്ടാക്കുന്നത്. കൃഷി ഇറക്കിയവർക്ക് ഉറക്കമില്ലാ രാവുകളാണ്. സന്ധ്യ മയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വനാതിർത്തി പ്രദേശങ്ങളിൽ പലയിടത്തും പ്രതിരോധ മാർഗങ്ങൾ തകർന്ന നിലയിലാണ്. ആവശ്യത്തിന് വാച്ചർമാരുമില്ല. ഫെൻസിങ്ങടക്കം നന്നാക്കാൻ നടപടിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.