വന്യമൃഗശല്യം രൂക്ഷം; കറുവാൻത്തോടുകാർ പലായനം തുടങ്ങി
text_fieldsപൊഴുതന: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി കറുവാൻത്തോട് നിവാസികൾ. കഴിഞ്ഞദിവസം എത്തിയ ആനക്കൂട്ടം മലയോര മേഖലയായ കറുവാൻത്തോട് പ്രദേശത്ത് മണിക്കൂറുകളോളം ഭീതി പരത്തിയാണ് കാട് കയറിയത്.
ജനവാസ കേന്ദ്രമായ കറുവാൻത്തോട് ഭാഗത്തോട് ചേർന്നുകിടക്കുന്ന കുറിച്യർമല വനത്തിൽനിന്നുമാണ് ആനകൾ കാടിറങ്ങുന്നത്. പകൽ സമയത്തുപോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
വന്യമൃഗശല്യം നാൾക്കുനാൾ വർധിച്ചുവരുന്നതോടെ പലരും ഗ്രാമം വിട്ടൊഴിയുകയാണ്. 2018 വരെ നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഇന്ന് പലരും സ്ഥലംമാറി പോയി. വാടകക്ക് വീട് എടുത്താണ് പല കുടുംബങ്ങളും താമസിക്കുന്നത്. വനത്തോട് ചേർന്നാണ് ഇവിടെ അംഗൻവാടിയും ഭുതാനം ആദിവാസി കോളനിയുമുള്ളത്.
കാട്ടുനായ്ക്ക വിഭാഗക്കാരായ ഏഴ് കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഭീതിയോടെയാണ് ഈ കുടുംബങ്ങൾ കഴിയുന്നത്. കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിച്ചു.
കാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ വൈദ്യുതി വേലികൾ സ്ഥാപിച്ചെങ്കിലും ഫലം ചെയ്യുന്നില്ല.
തോട്ടങ്ങളിലെ ചക്ക, മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ തേടിയാണ് ആനയും മറ്റും കാടിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ആനകൾ കാടുകയറുന്നത്. ആവശ്യത്തിന് വനപാലകരില്ലാത്തതും തിരിച്ചടിയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.