അച്ചൂർ വികസന വെളിച്ചം കാണുമോ...?
text_fieldsപൊഴുതന: പതിറ്റാണ്ടുകളായി അടിസ്ഥാന വികസനം കാത്ത് കഴിയുകയാണ് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗ്രാമം. മലയോര മേഖലയായ പൊഴുതനയിലെ ആറാംമൈൽ, പൊഴുതന അങ്ങാടികൾ കഴിഞ്ഞാൽ പ്രധാന ഗ്രാമങ്ങളിൽ ഒന്നാണ് അച്ചൂർ. 80 ശതമാനവും തോട്ടം മേഖലയായ ഇവിടം നൂറുകണക്കിന് തോട്ടം തൊഴിലാളികളാണുള്ളത്. 2018ൽ അച്ചൂർ ടൗൺ പൂർണമായും വെള്ള പൊക്കത്തിൽ മുങ്ങിയിരുന്നു. ഇവിടത്തെ ഭൂരിഭാഗം ഭൂമിയും സ്വകാര്യ കമ്പനികളാണ് കൈവശം വെക്കുന്നത്.
നിര്‍ധനരായ കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പഞ്ചായത്തില്‍ ഒരു വികസന പ്രവൃത്തികളും ഇതുകാരണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയറാകുന്നില്ല. റോഡ്, നടപ്പാത, ഭവന നിര്‍മാണം, ടൗൺ നവീകരണം തുടങ്ങിയവയെല്ലാം മന്ദഗതിയിലാണ്.
നിലവിൽ പ്രധാന പാത കടന്നുപോകുന്ന അച്ചൂർ -പൊഴുതന റോഡ് വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്. നിർമാണം ഉപേക്ഷിച്ചു കരാറുകാരൻ കടന്നതോടെ കുണ്ടും കുഴികളും നിറഞ്ഞു കാൽനട പോലും ദുസഹം.
അച്ചൂർ ടൗൺ എസ്റ്റേറ്റ് പാടികളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിത മാര്‍ഗം തേടിയെത്തിയവരാണിവിടുത്തെ ജനങ്ങള്‍. ഹാരിസൺ മലയാളം പ്ലാന്റേഷന്, കുറിച്യർമല തുടങ്ങിയ സ്വകാര്യ എസ്റ്റേറ്റുകളാണ് ഇവിടെ കൂടുതലായുള്ളത്. ഇവിടത്തെ പാടികളിൽ താമസിക്കുന്നവരാകട്ടെ ഭൂരിഭാഗം കുടുംബാംഗങ്ങളും ഭൂരഹിതരാണ്. പലർക്കും ലൈഫ് അടക്കമുള്ള ഭവന പദ്ധതിയിൽ നിന്നടക്കം അർഹമായ പരിഗണന ലഭിച്ചിട്ടില്ലന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത് അച്ചൂരിലാണ്.
എസ്.എസ്.എൽ.സിക്ക് തുടർച്ചയായി മികച്ച വിജയം നേടിയ ഈ സ്കൂളിൽ എത്തതിപ്പെടാനുള്ള ഏക മാർഗം ബ്രീട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പാലം വഴിയാണ്.
പതിറ്റാണ്ടുകൾ കഴിഞ്ഞതോടെ പാലം തുരുമ്പ് മൂലം ജീർണാവസ്ഥയിലാണ്. ടൗണിലെ ഓവുചാലുകള്ളുടെ സംവിധാനം താളം തെറ്റിയിട്ട് കാലമേറെയായി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒരു വർഷം മുമ്പ് അച്ചൂർ ബസ് കാത്തിരിപ്പിന് സമീപം പൊതു ടോയിലറ്റ് നിർമിച്ചിരുന്നു. എന്നാൽ ടോയിലറ്റിന്റെ വാതിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതോടെ അതും പ്രയോജനമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.