താൽക്കാലിക പാത ഒരുക്കി; ഊട്ടി-ഗൂഡല്ലൂർ റൂട്ടിൽ ഗതാഗതം പുന:സ്ഥാപിച്ചു
text_fieldsഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ മേലെ ഗൂഡല്ലൂർ സെൻറ് മേരീസ് ചർച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ ഭാഗത്ത് താൽക്കാലിക പാത ഒരുക്കി. 14 മണിക്കൂർ ഗതാഗതം മുടങ്ങിയ ശേഷമാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ ചെറു വാഹനങ്ങൾക്കും 10.45 ഓടെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾക്കും പോകാവുന്ന രീതിയിൽ ഗതാഗതം പുന:സ്ഥാപിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പുതിയപാലം നിർമിക്കുന്നതിന് സമീപത്തുള്ള പഴയ പാലം ഒരു ഭാഗം തകർന്നത്. തുടർന്ന് ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. ഗൂഡല്ലൂർ ആർ.ഡി.ഒ മുഹമ്മദ് ഖുദറത്തുല്ലയുടെ അഭ്യർഥനപ്രകാരം ജില്ല കലക്ടർ കല്ലട്ടി ചുരം വഴി മൈസൂരു-ഗൂഡല്ലൂർ ഭാഗത്തേക്ക് ചെറുവാഹനങ്ങളുടെ യാത്ര അനുവദിച്ചു. ഇതോടെയാണ് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമായത്.
എന്നാൽ ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. തുടർന്ന് സ്റ്റേറ്റ് ഹൈവേ ഡിവിഷനൽ എൻജിനീയർ കുളന്തൈവേലു, നാഷണൽ ഹൈവേ ഡിവിഷനൽ എൻജിനീയർ ശെൽവം എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലിക പാതക്കുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. പാലത്തിന് സമീപമുള്ള വൈദ്യുതി പോസ്റ്റും ലൈനുകളും വൈദ്യുതി വകുപ്പ് ജീവനക്കാർ മാറ്റിസ്ഥാപിച്ചതും താൽക്കാലിക പാത ഒരുക്കാൻ എളുപ്പമാക്കിയതായി ആർ.ഡി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.