അതിജീവനവഴിയിൽ ചൂരൽമലയിൽ നബിദിനം
text_fieldsമേപ്പാടി: ഉരുൾപൊട്ടലിൽകർന്ന ചൂരൽമലയിൽ പ്രതീക്ഷയുടെ വിളംബരമായി മീലാദാഘോഷം. ചൂരൽമല ജുമാമസ്ജിദ് പരിസരത്ത് ഒരുമിച്ചുകൂടിയ നാട്ടുകാർ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയുംകൂടി പ്രതീകമായി.
ചൂരൽമലയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു ജാതി മത ഭേദമന്യേ നാട്ടുകാർ മുഴുവൻ പങ്കെടുക്കുന്ന മീലാദാഘോഷം. ദുരന്തത്തിൽ മരണപ്പെട്ടവരുടെ അനുസ്മരണം കൂടിയായി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് വി.കെ. മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് ഖതീബ് ജുനൈദ് ശാമിൽ അസ്ഹരി പ്രാർഥനക്ക് നേതൃത്വം നൽകി. ടി.എം. ഹംസ, ശമീർ ഫൈസി, സി.കെ. അലി സഖാഫി, മഹല്ല് സെക്രട്ടറി പി. ശറഫുദ്ദീൻ, ട്രഷറർ സി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
മടക്കിമല: മടക്കിമല ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും നബിദിന സ്വാഗതസംഘം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇലൽ ഹബീബ് എന്ന പേരിൽ മീലാദ് സംഗമവും ഘോഷയാത്രയും നടത്തി. മഹല്ല് ചെയർമാൻ കെ.സി. മൊയ്തീൻ ഹാജി പതാക ഉയർത്തി. സെക്രട്ടറി പി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാദിഖ് ഫൈസി കിടങ്ങയം മുഖ്യ പ്രഭാഷണം നടത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനക്ക് മുസ്തഫ ബാഖവി നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല സെക്രട്ടറി കെ.എ. നാസർ മൗലവി, ഡോ. കാതിരി ഉസ്മാൻ, എം.സി.എം. ജമാൽ, പൈക്കാടൻ കബീർ, അബ്ദുറഹീം ഫൈസി, അബ്ദുൽ ഗഫൂർ റഹ്മാനി, സഫ്വാൻ വെള്ളമുണ്ട, എൻ.പി. കുഞ്ഞിമൊയ്തീൻ ഹാജി, ചേക്കു ഉള്ളിവീട്ടിൽ, എൻ.ടി. സൈദ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിച്ചു. തചരമ്പൻ കബീർ ഹാജി സ്വാഗതവും കൺവീനർ പി. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
പുൽപള്ളി: ഹിദായത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നസീമേ മദീന 2024’ എന്ന പേരിൽ നബിദിന റാലി നടത്തി. മഹല്ല് ഖതീബ് ശെമീർ റഹ്മാനി, പ്രസിഡന്റ് കെ.എച്ച്. അബ്ദുറഹിമാൻ, സെക്രട്ടറി കെ.എച്ച്. നാസർ, ട്രഷറർ സിദ്ദീഖ് മഖ്ദൂമി, കെ.ബി. മുഹമ്മദ് ഫൈസി, പി.എ. അബൂബക്കർ, സലാം പുത്തൻപീടിക, കെ.പി. മാനു, ടി.എം. ഷമീർ, ഷഫീഖ്, സുലൈമാൻ ഫൈസി, മുസ്തഫ ദാരിമി, നദീർ ജലാലി, ഉമ്മർ മുസ്ലിയാർ, കെ.എം. ജബ്ബാർ, ഒ.കെ. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
മേപ്പാടി: മുണ്ടക്കൈയിലും ചൂരൽമലയിലുമൊക്കെ മുൻവർഷം സന്തോഷത്തോടെ നബിദിനാഘോഷം നടന്നു. എന്നാൽ, അന്ന് നബിദിനാഘോഷങ്ങളിൽ സംബന്ധിച്ച നിരവധി പേർ ഉരുൾ ദുരന്തത്തിൽ മൺമറഞ്ഞുപോയി. അതിന്റെ കണ്ണീരോർമയിലായിരുന്നു ഈ വർഷത്തെ നബിദിനം. എങ്ങും തളംകെട്ടി നിൽക്കുന്ന മൂകതയും നെടുവീർപ്പുകളും. തിരിച്ചറിയപ്പെടാത്ത ശരീരങ്ങളും ശരീര ഭാഗങ്ങളും മറവുചെയ്ത പുത്തുമല പൊതു ശ്മശാനത്തിൽ സമൂഹപ്രാർഥനയും അതിനുശേഷം മുണ്ടക്കൈ പള്ളി ഖബർസ്ഥാനിൽ നടത്തിയ പ്രാർഥന ചടങ്ങുകളും നടത്തി. നബിദിനാഘോഷം എന്നുപറയാൻ കാര്യമായി ഒന്നുമുണ്ടായില്ല. ചൂരൽമല പള്ളിയിലും പ്രാർഥന ചടങ്ങ് നടന്നു. ഇതിനിടെ പുത്തുമല ശ്മശാനത്തിലെ പ്രാർഥനച്ചടങ്ങിനുശേഷം മുണ്ടക്കൈയിലേക്ക് പോകാൻ വാഹനങ്ങളിലെത്തിയവർക്ക് പാസ് നൽകാതിരുന്ന റവന്യൂ, പൊലീസ് അധികൃതരുടെ നിലപാടിൽ പ്രതിഷേധവുമുണ്ടായി.
പലർക്കും ചൂരൽമലയിൽനിന്ന് വാഹനങ്ങളിൽ മുണ്ടക്കൈയിലേക്ക് പോകാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇത് പൊലീസുമായുള്ള വാക്കേറ്റത്തിനിടയാക്കി. ഒടുവിൽ വാഹനങ്ങൾ കടത്തിവിടുമ്പോഴേക്കും മുണ്ടക്കൈയിൽ ചടങ്ങുകൾ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.