കടുവഭീതിയിൽ പുൽപള്ളി
text_fieldsപുൽപള്ളി: പുൽപള്ളി മേഖലയിൽ വീണ്ടും കടുവ ഭീതി. ചേപ്പിലയിലും ഇരുളത്തും വന്യജീവിയുടെ ആക്രമണത്തിൽ കാട്ടുപന്നിയും മാനും ചത്തു. രണ്ടു സ്ഥലങ്ങളിലും വന്യജീവികളെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, കടുവയാണോ പുലിയാണോ മേഖലയിലുള്ളതെന്നതിന് വ്യക്തമായ സ്ഥിരീകരണമില്ല. തിങ്കളാഴ്ച രാത്രിയാണ് പുല്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ജഡം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. ചേപ്പിലയിൽ കാട്ടുപന്നിയെ ആക്രമിച്ച് കൊന്നത് കടുവയാണെന്നും കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ മേഖലയിൽ ഇത് രണ്ടാമത്തെ പന്നിയെയാണ് വന്യജീവി കൊലപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയോളമായി എരിയപ്പള്ളി, ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല ഭാഗങ്ങളിൽ കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന രണ്ടു കിലോ മീറ്റർ ചുറ്റളവിലാണ് വന്യജീവി വിഹരിക്കുന്നത്.
ഭീതിയകറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പന്നിയെ ആക്രമിച്ച് കൊന്ന സ്ഥലത്ത് രണ്ട് കാമറകള്‍ സ്ഥാപിക്കുമെന്നും കാടുമൂടി കിടക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേളക്കവലയില്‍ കാട്ടുപന്നിയെ ആക്രമിച്ച് കൊന്ന സ്ഥലത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പുൽപള്ളിയിൽ കടുവ ഭീതിക്ക് പിന്നാലെയാണ് ഇരുളം മേഖലയിൽ മാനിന്റെ ജഡം കണ്ടെത്തിയത്. ഇരുളം മണൽവയലിലാണ് മാനിനെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയാണ് മാനിനെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്തെ കടുവ ഭീതിയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു.
മണൽവയൽ പ്രദേശത്തെ കടുവ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്തയോഗം മണൽവയൽ ഗാലക്സി ക്ലബ്ബിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.