പേടിച്ചൊരു ജീവിതം
text_fieldsപുൽപള്ളി: മുള്ളൻകൊല്ലി ടൗണിനടുത്ത് വീണ്ടും കടുവയിറങ്ങി. ഞായറാഴ്ച പുലർച്ചെ 5.45ന് പള്ളിയിൽ പോയവരാണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട്ട് തോമസിന്റെ രണ്ടു വയസ്സുള്ള മൂരി കിടാവിനെ തൊഴുത്തിൽനിന്ന് കടുവ കൊണ്ടുപോയി. 300 മീറ്റർ അകലെയാണ് ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനപാലകർ തിരച്ചിൽ നടത്തി. ആളുകൾക്ക് ജാഗ്രത നിർദേശവും നൽകി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. മുള്ളൻകൊല്ലി ടൗണിൽ നിന്നും 500 മീറ്റർ മാറിയുള്ള സ്ഥലത്തുനിന്നാണ് കടുവ മൂരിക്കിടാവിനെ പിടികൂടി കൊലപ്പെടുത്തിയത്. ജനവാസ കേന്ദ്രമാണ് ഇവിടം.
പുൽപള്ളി 56, ആശ്രമക്കൊല്ലി, താന്നിതെരുവ്, കുറിച്ചി പറ്റ, മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭി കവല എന്നിവിടങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെയടക്കം കടുവ പിടികൂടി കൊലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഈ സംഭവങ്ങളെല്ലാം. പുൽപള്ളി പഞ്ചായത്തിലെ താന്നി തെരുവ്, ആശ്രമ കൊല്ലി, മുള്ളൻകൊല്ലി പഞ്ചായത്തിലെ വടാന കവല, സുരഭി കവല എന്നിവിടങ്ങളിൽ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടിനോട് ചേർന്ന് നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, ഇവിടങ്ങളിൽ ഒന്നും പിന്നീട് കടുവ എത്തിയിട്ടില്ല. കാമറകളിൽ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. ഒന്നിലധികം കടുവകൾ പ്രദേശത്തെ തമ്പടിച്ചിട്ടുണ്ടോയെന്നാണ് നാട്ടുകാർക്ക് സംശയം. കാർഷിക ജോലികൾ നടക്കുന്ന സമയമാണിപ്പോൾ. കടുവ ഭീതിയാൽ തോട്ടങ്ങളിൽ പണിക്ക് പോകാൻ പോലും ആളുകൾ ഭയപ്പെടുന്നു.
മുള്ളൻകൊല്ലിയിൽ പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പുൽപള്ളി പഞ്ചായത്തിലെ 56ലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തി മയക്കുവെടിവെക്കാൻ തീരുമാനിച്ചിരുന്നു.
ദൗത്യസംഘം തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, കണ്ടെത്താൻ കഴിഞ്ഞില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ് കടുവ എത്തിപ്പെടുന്നത്. പരീക്ഷ സമയമായതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാടുമുടികിടക്കുന്ന തോട്ടങ്ങൾ വൃത്തിയാക്കാൻ പലരും തയാറാവാത്തതാണ് വന്യജീവികൾ ഇത്തരം സ്ഥലങ്ങളിലേക്ക് കടന്നുവരാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ല കലക്ടർ അടക്കം ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. കാടുമൂടികിടക്കുന്ന തോട്ടങ്ങൾ വൃത്തിയാക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ബേലൂർ മഖ്നയെ കർണാടക ഉൾവനത്തിലേക്ക് തുരത്തും
മാനന്തവാടി: പടമലയിൽ അജീഷിനെ കൊന്ന മോഴയാന ബേലൂർ മഖ്ന കർണാടക വനത്തിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്നത് പൂർണമായും തടയുമെന്ന് കർണാടക വനംവകുപ്പ് അധികൃതരുടെ ഉറപ്പ്. ആനയെ കർണാടക ഉൾവനത്തിലേക്ക് തുരത്തിയോടിക്കും. സാറ്റലൈറ്റ് സിഗ്നൽ പ്രകാരം റേഡിയോ കോളർ ഘടിപ്പിച്ച ആന നിലവിൽ കർണാടക വനത്തിൽ കേരള വനാതിർത്തിയിൽ നിന്നും മൂന്നു കിലോമിറ്റർ ദൂരെയാണുള്ളത്.
വന്യമ്യഗ പ്രശ്ന പരിഹാരത്തിനായി രൂപവത്കരിച്ച അന്തർ സംസാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകയുടെ ഉറപ്പ്. വനം-വന്യജീവി അന്തർ സംസ്ഥാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേരളത്തിൽ നിന്നും നോഡൽ ഓഫിസറായി ചീഫ്ഫോറസ്റ്റ് കൺസർവേറ്ററും വയനാട് സ്പെഷൽ ഓഫിസറുമായ വിജയാനന്ദനെയും ജോയൻറ് നോഡൽ ഓഫിസർമാരായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപയേയും പാലക്കാട് വന്യജീവി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഷബാബിനെയും നിയമിച്ചുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിട്ടുണ്ട്.
അന്തർ സംസ്ഥാന വന്യമൃഗ പ്രശ്നങ്ങൾ, പ്രശ്നക്കാരായ വന്യമൃഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, വന്യമൃഗങ്ങളുടെ കണക്കെടുപ്പ്, വിഭവക്കൈമാറ്റം, വന്യമൃഗവേട്ട സംബന്ധിച്ച വിവരങ്ങൾ കൈമാറൽ തുടങ്ങിയ വിഷയങ്ങളാണ് കമ്മിറ്റി പരിശോധിക്കുന്നത്.
വനത്തോട് ചേർന്നുള്ള എസ്റ്റേറ്റുകളിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കുന്നതിന് അടിക്കാടുകൾ വെട്ടി പരിപാലിക്കേണ്ടതും ആവശ്യമായ പ്രതിരോധ സംവിധാനങ്ങളും എസ്റ്റേറ്റ് ഉടകൾ സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു.
ടോൾഫ്രീ നമ്പർ
വന്യമൃഗ സംഘർഷ വിവരങ്ങൾ വനം വകുപ്പിനെ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004258756 എന്ന ടോൾഫ്രീ നമ്പർ ലഭ്യമാണ്.
പോത്തിനെ കടുവ കൊന്നു
നടവയൽ: കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു. നടവയൽ നെയ്ക്കുപ്പ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം പറപ്പിള്ളിൽ ഷാജിയുടെ പോത്തിനെയാണ് ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ കടുവ കൊന്നത്. കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ചത്.
സ്ഥലത്ത് കേണിച്ചിറ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ജനങ്ങളുടെ ജീവന് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചെക് പോസ്റ്റിന് മുമ്പിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കാട്ടാട് ചാടി ഓട്ടോ മറിഞ്ഞു; നാലുപേർക്ക് പരിക്ക്
നടവയൽ: റോഡിന് കുറുകെ കാട്ടാട് ചാടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. നാലു പേർക്ക് പരിക്കേറ്റു. മണൽവയൽ വണ്ടമ്പ്ര ഇറക്കത്തിൽ ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. ഡ്രൈവർ പുഴിക്കുന്നേൽ മെൽബിൻ (20), യാത്രക്കാരായ പാടിയമ്പം കോളനിയിലെ മൂന്നു പേർക്കുമാണ് പരിക്ക് പറ്റിയത്. ഇവരെ കേണിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ആട് ചത്തു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.