വീണ്ടും കടമാൻതോട് പദ്ധതി
text_fieldsപുൽപള്ളി: കടമാൻതോട് പദ്ധതി വീണ്ടും ചർച്ചയാകുന്നു. ഈയിടെ സർവകക്ഷിയോഗം പദ്ധതി സർവേക്ക് അനുമതി നൽകിയിരുന്നു. ഇതിനിടെയാണ് പദ്ധതി വേണ്ട എന്ന നിലപാടുമായി പ്രദേശവാസികൾ സമര പ്രഖ്യാപനവുമായി രംഗത്ത് വന്നത്. രൂക്ഷമായ വരൾച്ച നേരിടുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളം, ജലസേചനം തുടങ്ങിയ ആവശ്യങ്ങൾക്കായിട്ടാണ് പദ്ധതി.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇന്നും കടലാസിലാണ്. പദ്ധതി സംബന്ധിച്ച് വ്യക്തത നൽകാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. 300 ഏക്കറാണ് പദ്ധതിക്ക് ആവശ്യം.
മുള്ളൻകൊല്ലിയിൽ സർവേ തുടങ്ങി
കടമാൻതോട് പദ്ധതിയുടെ സർവേ പ്രവർത്തനങ്ങൾ മുള്ളൻകൊല്ലി പഞ്ചായത്തിൽ ആരംഭിച്ചു. പെരിക്കല്ലൂരിലും പരിസരങ്ങളിലെയും പാടശേഖരങ്ങളിൽ ഏത് രീതിയിൽ വെള്ളം എത്തിക്കാമെന്നത് സംബന്ധിച്ചാണ് സർവേ. പഞ്ചായത്തിലെ എട്ട് പാടശേഖരങ്ങളിൽ വരും ദിവസം സർവേ നടത്തും. ആദ്യഘട്ടമായി വരവൂർ - മൂന്നുപാലം പാടശേഖരത്തിലാണ് സർവേ നടത്തിയത്.
പുൽപള്ളിയിൽ കടമാൻ തോടുമായി ബന്ധപ്പെട്ട സർവേ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നിരുന്നു. റിസർവോയർ മേഖലയിലെ ജിയോളജിക്കൽ സർവേയും റോഡ് സർവേയും അടക്കമാണ് നടന്നത്. ഇതിന്റെ തുടർച്ചയായാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ സർവേ. രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
എന്താണ് കടമാൻതോട് പദ്ധതി?
കാബേരി നദീജല ട്രൈബ്യൂണൽ വിധിപ്രകാരം 21 ടി.എം.സിവെള്ളം കേരളത്തിന് അർഹതപ്പെട്ടതാണ്. ഈ വെള്ളം ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് വയനാട്ടിൽ ഒമ്പതു പദ്ധതി വിഭാവനം ചെയ്തത്.
കാരാപ്പുഴ, ബാണാസുരസാഗർ പദ്ധതികളിലൂടെ 5.80 ടി.എം.സി വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. 1.51 ടി.എം.സി വെള്ളം കൂടി ഉപയോഗപ്പെടുത്തിയാണ് ഏഴ് പദ്ധതി വിഭാവനം ചെയ്തത്. ഇതിൽ പ്രധാനപ്പെട്ടതാണ് കടമാൻ തോട്. മുമ്പ് കടമാൻതോട് പദ്ധതി 1.51 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. ഇപ്പോൾ ഇത് 0.5 ടിഎംസി ആയി ചുരുക്കിയിട്ടുണ്ട്. പുൽപള്ളിയിലെ ക്ഷീര സംഘത്തിന്റെ ചില്ലി പ്ലാന്റിനോട് ചേർന്നാണ് പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.