വിധവയായ വീട്ടമ്മക്ക് താൽക്കാലിക വീടൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ
text_fieldsപുൽപള്ളി: വിധവയായ വീട്ടമ്മക്ക് പൂർവ വിദ്യാർഥി കൂട്ടായ്മ താമസിക്കാനായി അഞ്ച് സെൻറ് സ്ഥലവും താൽക്കാലിക വീടും ഒരുക്കിക്കൊടുത്തു. പുൽപള്ളി വിജയ ഹൈസ്കൂളിലെ 1985–87 എസ്.എസ്.എൽ.സി കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവർക്ക് വീടും സ്ഥലവും ഒരുക്കിക്കൊടുത്തത്. വർഷങ്ങളായി ഈട്ടികവലയിൽ വാടകക്ക് താമസിച്ചിരുന്ന 80 വയസ്സുകാരി ഖദീജയുടെ ദുരവസ്ഥ 'ഓർമിക്കാം ഒന്നിക്കാം' എന്ന കൂട്ടായ്മ നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് സഹായഹസ്തവുമായി എത്തിയത്.
വീട്ടു വാടകക്കുപോലും വക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിയ ഈ കുടുംബം പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു.ഖദീജയുടെ മകൻ കുഞ്ഞുമോൻ സംസാര–കേൾവി വൈകല്യത്തെത്തുടർന്ന് വീട്ടിൽതന്നെ കഴിയുകയാണ്. ഗ്രൂപ്പിലെ ഫ്രാൻസിസ് പഞ്ഞിക്കാല അഞ്ച് സെൻറ് സ്ഥലം സൗജന്യമായി നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി. കാപ്പിസെറ്റിനടുത്ത ചെത്തിമറ്റത്താണ് ഈ സ്ഥലം. ഇവിടെയാണ് കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾ ചേർന്ന് താൽക്കാലിക വീട് നിർമിച്ചു നൽകിയത്.
കർഷകനായ ഫ്രാൻസിസ് ഇത്തരത്തിൽ മറ്റ് രണ്ട് നിർധന കുടുംബങ്ങൾക്കും വീടിനായി സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്. പ്രതീക്ഷ എന്ന പ്രവാസി സംഘടനയും ഇവർക്ക് വീട് നിർമാണത്തിന് സഹായം നൽകി. അജി പുൽപള്ളി, ഫ്രാൻസിസ് പഞ്ഞിക്കാല, ബാബു ഐക്കര, പ്രസാദ്, ഗോപി, സി.ജെ. ബിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.