അമേയ ഇനി ഉറങ്ങും; സുരക്ഷിതമായി
text_fieldsപുൽപള്ളി: അമേയക്ക് വന്യമൃഗങ്ങളെ പേടിക്കാതെയും വെയിലും മഴയുമേല്ക്കാതെയും സുരക്ഷിതമായ അടച്ചുറപ്പുള്ള വീട്ടില്‍ ഇനി അന്തിയുറങ്ങാം. അമേയക്കായി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനം ഡിഫറന്റ് ആർട്ട് സെന്റര്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ സുരക്ഷയില്ലാതെ കഴിയുകയായിരുന്നു മാനസികവെല്ലുവിളി നേരിടുന്ന അമേയയും കുടുംബവും. പിതാവ് മണി കൂലിവേല ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്.
മാതാവ് ജയന്തിയും അനുജത്തി അക്ഷയയും അടങ്ങുന്ന കുടുംബം മാടപ്പള്ളിക്കുന്ന് കോളനിയിലെ നാല് സെന്റിലാണ് താമസിക്കുന്നത്. ഈ കോളനിയില്‍നിന്ന് 50 മീറ്റര്‍ കഴിഞ്ഞാല്‍ ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ഫോറസ്റ്റാണ്. പകല്‍ സമയത്തുപോലും വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണിവിടം.
21വയസ്സുള്ള ഭിന്നശേഷിക്കാരിയായ അമേയയെയും 18 വയസ്സുള്ള അനുജത്തിയെും വീട്ടില്‍ തനിച്ചാക്കി പോകാൻ രക്ഷിതാക്കള്‍ക്ക് കഴിയില്ല.
ഈയൊരു അവസ്ഥയില്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. ഡിഫറന്റ് ആർട്ട് സെന്റര്‍ 2021 ഒക്ടോബറില്‍ സംഘടിപ്പിച്ച സഹയാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അമേയക്കും ക്ഷണം ലഭിച്ചിരുന്നു.
പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ ശേഷം ഗോപിനാഥ് മുതുകാടിനോട് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന സാഹചര്യം അറിയിച്ചു. തുടര്‍ന്നാണ് ഗോപിനാഥ് മുതുകാട്, വീടിന്റെ പണിപൂര്‍ത്തിയാക്കാൻ മുന്നോട്ടുവന്നത്. അമേയയും കുടുംബവും അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാക്കിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയായിരുന്നുവെന്ന് മുതുകാട് പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയനടക്കം പങ്കെടുത്തു.
ആനപ്പാറയിലെ മേഴ്സി ഹോമിലാണ് അമേയ പഠിക്കുന്നത്. കലാരംഗത്തും ശ്രദ്ധേയയാണ് അമേയ. ഗൃഹപ്രവേശനത്തിനെത്തിയ മുതുകാട് അമേയയുടെ ഡാൻസ് കൂടി കണ്ടാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.