ആനപ്പാറ ചെക്ക് ഡാമിന്റെ തകർന്ന കനാലുകൾ നന്നാക്കാൻ നടപടിയില്ല
text_fieldsപുൽപള്ളി: ചെക്ക് ഡാമിെൻറ കനാലുകൾ തകർന്നത് കർഷകരെ വലക്കുന്നു. പുൽപള്ളി ആനപ്പാറയിൽ കഴിഞ്ഞ അഞ്ച് വർഷമായി നൂറേക്കറോളം വയലിലേക്ക് വെള്ളമെത്തിക്കുന്നത് ടെലിഫോൺ തൂൺ ഉപയോഗിച്ചാണ്. കുളത്തൂർ വയലിൽ ചെക്ക് ഡാം മണ്ണ് നിറഞ്ഞ് മൂടിക്കിടക്കുകയാണ്. ഇതിനുള്ളിലൂടെ വരുന്ന വെള്ളമാണ് പ്രദേശത്തെ കർഷകർക്ക് ആശ്രയം. പുൽപള്ളി പഞ്ചായത്തിലെ കുളത്തൂർ മുതൽ പാളക്കൊല്ലി വരെയുള്ള പ്രദേശത്ത് 150 ഏക്കറോളം വയലുണ്ട്.
വെള്ള സൗകര്യത്തിെൻറ അഭാവം മൂലം പലരും കൃഷി ഉപേക്ഷിച്ചു. കുറച്ച് കർഷകർ മാത്രമാണ് ഇപ്പോൾ കൃഷി ആരംഭിച്ചിരിക്കുന്നത്. ഇവർക്കാകട്ടെ ആവശ്യത്തിന് വെള്ളം കിട്ടുന്നുമില്ല. ചെക്ക് ഡാമിനോട് ചേർന്ന കനാൽ തകർന്നതോടെയാണ് വെള്ളം കൊണ്ടുപോകാൻ കർഷകർ രണ്ട് ടെലിഫോൺ തൂണുകൾ നീളത്തിലിട്ടത്. ഇതിലൂടെ തീരെ കുറഞ്ഞ അളവിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഈ വെള്ളം ഉപയോഗപ്പെടുത്തി വേണം നെൽകൃഷി നടത്താൻ.
രണ്ടു വർഷംമുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ക് ഡാം വൃത്തിയാക്കിയിരുന്നു. ഇവിടെ വീണ്ടും മണ്ണ് അടിഞ്ഞുകൂടിയെങ്കിലും നീക്കം ചെയ്തില്ല. അതിനാൽ നിരവധി കർഷകരാണ് കൃഷിയിറക്കാതെ മാറിനിൽക്കുന്നത്. ജലസേചന വിഭാഗം അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.