പാട്ടും അഭിനയവുമായി അനിഷിത
text_fieldsപുൽപള്ളി: ഗോത്രവിഭാഗത്തിൽ നിന്നും ഒരു അഭിനേത്രി. ആദിവാസി ഗോത്രസമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ കാടകത്തിന്റെ കഥയുമായി എത്തിയ ‘കുറിഞ്ഞി’ സിനിമയിൽ മുഖ്യകഥാപാത്രമായി എത്തുന്നത് പുൽപള്ളി സ്വദേശിനി അനിഷിത വാസുവാണ്. വേലിയമ്പം പെരുമുണ്ട കോളനിയിലെ വാസു-ഷൈല ദമ്പതികളുടെ മകളാണ്.
കഴിഞ്ഞ ദിവസം സിനിമ പുറത്തിറങ്ങിയതോടെ നാടറിയുന്ന കലാകാരിയായി മാറുകയാണ് അനിഷിത. സുരഭിക്കവലയിലെ നാട്ടറിവ് വാമൊഴി പാട്ടുകൂട്ടം എന്ന നാടൻപാട്ട് സംഘത്തിലെ പാട്ടുകാരിയാണ് അനിഷിത. അനിഷിത സ്വന്തമായി പാടിയ ഗാനവും കുറിഞ്ഞിയിലുണ്ട്. ഗോത്രവിഭാഗം നേരിടുന്ന ചൂഷണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ ഏറക്കുറെ കഥാപാത്രങ്ങൾ ഗോത്രസമൂഹത്തിൽ നിന്നുള്ളതാണെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ഈ ചിത്രത്തിൽ നാട്ടറിവ് പാട്ടുകൂട്ടത്തിലെ അംഗങ്ങളായ ചന്ദ്രബാബു, ബിനുജോൺ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ശ്രീമൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള അനിഷിതയടക്കമുള്ളവരെ പുൽപള്ളിയിൽ സിറ്റിക്ലബിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. എൻ.യു. ഉലഹന്നൻ, ബെന്നി മാത്യു, സി.ഡി ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.