യോഗ്യതയുണ്ട് അധ്യാപികയാവാൻ യോഗമില്ലാതെ ആദിവാസി യുവതി
text_fieldsപുൽപള്ളി: പ്രതികൂലസാഹചര്യങ്ങളോട് പൊരുതി അധ്യാപിക യോഗ്യത നേടിയിട്ടും ആദിവാസി യുവതിക്ക് ഉപജീവനത്തിന് ആശ്രയം കൂലിപ്പണി.
പൂതാടി പഞ്ചായത്തിലെ പണിയ വിഭാഗത്തിൽപെട്ട ഇരുളത്ത് ബാലൻ-സിന്ധു ദമ്പതികളുടെ മകൾ അഞ്ജന മൂന്ന് വർഷം മുമ്പ് മൂലങ്കാവിലെ ടി.ടി.ഐയിൽനിന്നാണ് ടി.ടി.സി പാസായത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മകൾക്ക് നല്ലൊരുഭാവി സ്വപ്നം കണ്ടാണ് പിതാവ് ബാലൻ മകളെ പഠിക്കാൻ വിട്ടത്. വാശിയോടെ പഠിച്ച് അവൾ യോഗ്യത നേടുകയും ചെയ്തു.
എന്നാൽ, പിതാവ് രോഗിയായതോടെ കുടുംബം പോറ്റുന്നതിനും സഹോദരങ്ങളുടെ വിദ്യാഭാസ ചെലവിനുമെല്ലാമായി ഇപ്പോൾ കൂലിപ്പണിക്കിറേങ്ങണ്ടിവരുന്നു. പിന്നീട്, ഡാറ്റാ എൻട്രി, ഡി.സി.എ കോഴ്സുകളിൽ കമ്പ്യൂട്ടർ പഠനം. തുടർന്ന് ജോലിക്കായുള്ള അലച്ചിൽ. താൽക്കാലിക ജോലിപോലും കിട്ടാതായതോടെയാണ് കൂലിപ്പണിക്കിറങ്ങിയത്. അമ്മയോടൊപ്പമാണ് പണിക്ക് പോകുന്നത്.
ഹൃദ്രോഗിയാണ് അഞ്ജനയുടെ പിതാവ് ബാലൻ. ചികിത്സക്കുതന്നെ നല്ലൊരു തുക കണ്ടെത്തണം. ബാലന് നാല് മക്കളാണ്. ഏറ്റവും മൂത്തയാളുടെ വിവാഹം കഴിഞ്ഞു. താഴെ രണ്ട് സഹോദരിമാർ. ഭൂരഹിതരായി മീനങ്ങാടി ചെണ്ടക്കുനി കോളനിയിൽ കഴിയുന്നതിനിടെ ഇവർക്ക് സർക്കാർ താമസിക്കാനുള്ള സ്ഥലം ഈയടുത്ത് ഇരുളത്ത് നൽകുകയായിരുന്നു.
കോവിഡിനെ തുടർന്ന് കൂലിപ്പണിയുമില്ല. താൽക്കാലിക കൂരയിലാണ് ഇവരെല്ലാം കഴിയുന്നത്. ആദിവാസികളുടെ ഉന്നമനത്തിന് ഒരുപാട് പദ്ധതികളുള്ള നാട്ടിൽ യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതിെൻറ നിരാശയുണ്ട് അഞ്ജനക്ക്. അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.