പഞ്ചായത്ത് ഭരണസമിതിയെ അട്ടിമറിക്കാൻ ശ്രമമെന്ന്; പുൽപള്ളി കോൺഗ്രസിൽ അസ്വാരസ്യം
text_fieldsപുൽപള്ളി: പുൽപള്ളിയിൽ പഞ്ചായത്ത് ഭരണസമിതിയെ അട്ടിമറിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണം.
ഇതിനെതിരെ കോൺഗ്രസ് ഐ വിഭാഗത്തിലെ ഒരു വിഭാഗം രംഗത്ത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തീർക്കാൻ നേതൃത്വം ഇടപെടാത്തതിനെതിരെ ഒരു വിഭാഗം കൺവെൻഷൻ സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലും പാർട്ടിയിലെ അസ്വാരസ്യങ്ങൾ മറനീക്കി.
കോൺഗ്രസ് ഐ ഗ്രൂപ്പിനുള്ളിൽ രണ്ടു ചേരികളാണ് പുൽപള്ളിയിലുള്ളത്. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പിനെതിരെയാണ് ഒരു വിഭാഗം തിരിഞ്ഞത്. മണ്ഡലം പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് തിരികെ ലഭിക്കണമെന്നാണ് ഇവരുടെ വാദം.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലം പ്രസിഡൻറിനെ മാറ്റിയിരുന്നു. താൽക്കാലികമായി ചുമതലയേൽപ്പിക്കുന്നു എന്നായിരുന്നു അന്ന് ഡി.സി.സി പ്രസിഡൻറ് പറഞ്ഞിരുന്നതെന്ന് ഇവർ പറയുന്നു.
നാളിതുവരെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. നിലവിലെ പഞ്ചായത്ത് ഭരണസമിതിയെ അട്ടിമറിക്കാനാണ് മറുപക്ഷം ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. സഹകരണ ബാങ്കിൽ നടന്ന ഏഴരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
യോഗത്തിൽ എൻ.യു. ഉലഹന്നാൻ, സണ്ണിതോമസ്, മണി പാമ്പനാൽ, സി.പി. ജോയി, ജോളി നരിതൂക്കിൽ, പി.ഡി. ജോണി, സജി വിരിപ്പാമറ്റം, സി.പി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
പോഷക സംഘടന ഭാരവാഹികളിലും പഞ്ചായത്ത് അംഗങ്ങളിലും ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം, മണ്ഡലം പ്രസിഡൻറിെൻറ ചുമതല ഏൽപ്പിച്ചത് ദിവസങ്ങൾ നിശ്ചയിച്ചല്ലായിരുന്നുവെന്ന് മറുവിഭാഗവും പറയുന്നു.
അതിനിടെ, മുള്ളൻകൊല്ലിയിലും മണ്ഡലം പ്രസിഡൻറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.