കബനിയിലെ തോണി സർവിസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി
text_fieldsപുൽപള്ളി: കർണാടക അധികൃതരുടെ കടുംപിടിത്തം കബനിയിലെ തോണി സർവിസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. കഴിഞ്ഞദിവസം കർണാടക അതിർത്തി ഗ്രാമമായ ബൈരൻകുപ്പയിലെ പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്താനുള്ള ശ്രമം വിജയിച്ചില്ല.
പെരിക്കല്ലൂരിൽനിന്ന് ബൈരൻകുപ്പയിലെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കർണാടക പൊലീസ് മുള്ളൻകൊല്ലി പഞ്ചായത്ത് അധികൃതരോട് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്ന നിലപാട് അറിയിച്ചു. തോണി വഴി വരാൻ അനുവദിക്കില്ലെന്നും ബാവലി വഴി വരണമെന്നും ബീച്ചനഹള്ളി എസ്.ഐ പറയുകയായിരുന്നു.
അടുത്തമാസം ഒന്നിന് കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ കർണാടകത്തിൽനിന്നടക്കം വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വരാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ പകുതിയോടെയാണ് നീണ്ട ഇടവേളക്കുശേഷം തോണി സർവിസ് പെരിക്കല്ലൂർ കടവിൽ പുനരാരംഭിച്ചത്. എന്നാൽ, ദിവസങ്ങൾ മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീണ്ടും ഇവിടം അടച്ചു. ബാവലി, മച്ചൂർ, ഹൊസള്ളി ഭാഗങ്ങളിൽനിന്ന് നിരവധി വിദ്യാർഥികൾ പുൽപള്ളി, മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ എത്തുന്നുണ്ട്. നിലവിൽ തോണി സർവിസ് നിലച്ചതോടെ കർണാടക അതിർത്തിയിലെ കൂലിപ്പണിക്കാരും തൊഴിൽരഹിതരായി. ഇവരും പണിക്കായി ആശ്രയിക്കുന്നത് വയനാട്ടിലെ അതിർത്തി പഞ്ചായത്തുകളെയാണ്.
മരക്കടവിൽ രണ്ടും പെരിക്കല്ലൂർ ഒന്നും കടവുകളിലായി 20ഓളം തോണികളാണ് സർവിസ് നടത്തിയിരുന്നത്.കർണാടകയുടെ നിയന്ത്രണം കാരണം ഈ തോണികളിലെ ജീവനക്കാരും ജോലിയില്ലാതെ രണ്ടുവർഷത്തോളമായി ദുരിതത്തിലാണ്. രണ്ടാം ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.