ബാങ്ക് വായ്പ തട്ടിപ്പ്
text_fieldsപുൽപള്ളി: തകർന്നടിയാറായ വീട് നന്നാക്കുന്നതിനാണ് പുൽപള്ളി കേളക്കവല ചെമ്പകമൂലയില പറമ്പക്കാട്ട് ഡാനിയേൽ പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ വായ്പക്ക് സമീപിച്ചത്. രണ്ട് ലക്ഷം രൂപ രണ്ട് സ്ഥലങ്ങളുടെ ഈടായി നൽകുമെന്ന ഉറപ്പിന്മേലാണ് രേഖകൾ നൽകിയത്. ഒരു രൂപ പോലും ബാങ്കിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ഡാനിയേലും ഭാര്യ സാറക്കുട്ടിയും പറയുന്നു. കടബാധ്യതയായി ബാങ്കിൽ ഇപ്പോൾ 60 ലക്ഷം രൂപയാണ് ഉള്ളത്. പുൽപള്ളി സ്വദേശിയായ സജീവൻ കൊല്ലപ്പള്ളി എന്നയാളാണ് കൂടുതൽ വായ്പ നൽകാമെന്ന് പറഞ്ഞ് ഇവരെ ബാങ്കിലേക്ക് അടുപ്പിച്ചത്.
അനുവദിച്ചെന്ന് പറയുന്ന രണ്ട് ലക്ഷം രൂപ എടുക്കാനായി ബാങ്കിലെത്തിപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. രണ്ടിടങ്ങളിലായുള്ള 62.5 സെൻറ് സ്ഥലത്തിന്റെ പേരിലാണ് 60 ലക്ഷം രൂപ ബിനാമി ഇടപാടുകളിലേക്ക് പോയിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇക്കാര്യം നിരവധി തവണ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നീതി ലഭിച്ചില്ല. പണവുമായി ബന്ധപ്പെട്ട കാര്യം ചോദ്യം ചെയ്തതിന്റെ പേരിൽ സാറാക്കുട്ടിക്ക് മർദ്ദനവുമേറ്റു. സജീവൻ കൊല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ചിലരായിരുന്നു ആക്രമണത്തിന് പിറകിൽ.
ഇപ്പോഴും വീടിന്റെ അവസ്ഥ പരിതാപകരമാണ്. 40 വർഷം മുമ്പ് നിർമിച്ച വീടിന്റെ മേൽക്കൂര തകർന്ന നിലയിലാണ്. വീടിനുള്ളിൽ കിടന്നുറങ്ങാൻ പോലും ഭയപ്പെടണം. ഇതോടെ സമീപകാലത്ത് മകളുടെ വീട്ടിലേക്ക് ഇവർ താമസം മാറി. നിലവിലെ അവസ്ഥയിൽ ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഡാനിയേൽ പറഞ്ഞു.
ഏഴ് മാസത്തോളം പുൽപള്ളി ബാങ്കിനുമുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ ഡാനിയേലടക്കമുള്ളവരായിരുന്നു മുൻപന്തിയിൽ. ഭൂമിയുടെ പട്ടയം തിരിച്ചു നൽകാൻ ആവശ്യമായ നടപടി ഉണ്ടാകണം. ഡാനിയേലും ഭാര്യ സാറക്കുട്ടിയും രോഗികളാണ്. ഭാവിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.