ബാങ്കിലെ വായ്പ തട്ടിപ്പ്; മുഖ്യപ്രതി സജീവനുമായി തെളിവെടുപ്പ് നടത്തി
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ തെളിവെടുപ്പിനായി പുൽപള്ളി ബാങ്കിൽ കൊണ്ടുവന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.എൽ പൗലോസിന്റെ വീട്ടിൽ കൊണ്ടുപോയി 15 ലക്ഷം രൂപകൊടുത്തിട്ടുണ്ടെന്ന ആരോപണമാണ് ഉന്നയിച്ചത്. ബാങ്കിൽനിന്ന് തെളിവെടുപ്പിന് ശേഷം പുറത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മാനന്തവാടി ജില്ല ബാങ്കിൽ റിമാൻഡിലായിരുന്ന സജീവനെ ബത്തേരി കോടതിയിൽനിന്നാണ് പുൽപള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഉച്ചക്ക് രണ്ടു മണിയോടെ സജീവനെ ബാങ്കിലെത്തിച്ച് തെളിവെടുത്തു. പുൽപള്ളി സി.ഐ അനന്തകൃഷ്ണൻ, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബാങ്കിന്റെ കടക്കെണിയിൽ കുരുങ്ങി ആത്മഹത്യചെയ്ത രാജേന്ദ്രൻ നായരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തട്ടിപ്പിനിരയായ ഡാനിയേൽ നൽകിയ പരാതിയിലുമാണ് സജീവനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം കർണാടകയിലെ ധർമസ്ഥലയിൽ ഒളിവിൽ കഴിഞ്ഞ സജീവനെ ഒരാഴ്ച മുമ്പാണ് ബത്തേരി പൊലീസ് പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തി. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി രമാദേവി, മുൻ ഡയറക്ടർ വി.എം പൗലോസ് എന്നിവർ മാനന്തവാടി ജില്ല ജയിലിലാണ്. രാജേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സജീവനെ വീണ്ടും കസ്റ്റഡിയിൽ എടുക്കുമെന്നും സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.