ധനകാര്യസ്ഥാപനങ്ങൾ ജപ്തിയുമായി മുന്നോട്ട്; പുൽപള്ളി മേഖലയിൽ വീണ്ടും കർഷക ആത്മഹത്യ
text_fieldsപുൽപള്ളി: ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ പുൽപള്ളി മേഖലയിൽ വീണ്ടും കർഷക ആത്മമഹത്യ. കഴിഞ്ഞദിവസം പുൽപള്ളി ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി (70) ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി നടപടികളെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
മാസങ്ങൾക്ക് മുമ്പ് ഇരുളത്തെ അഭിഭാഷകനും ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനുമുന്നിൽ ദിവസങ്ങളോളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യയുണ്ടായ പ്രദേശമാണ് കുടിയേറ്റ മേഖലയായ പുൽപള്ളി. വീണ്ടും കർഷക ആത്മഹത്യകൾ ഉണ്ടാകുമ്പോഴും കർഷകരുടെ പ്രശ്നങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കർഷക സംഘടനകൾ അടക്കം വീണ്ടും പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികമേഖലയുടെ തകർച്ചയിൽ ആയിരക്കണക്കിന് കർഷകർ ജപ്തി ഭീഷണി നേരിടുകയാണ്. ധനകാര്യ സ്ഥാപനങ്ങൾ കുടിശ്ശിക തിരിച്ചുപിടിക്കാൻ വീടുകളിലടക്കം കയറിയിറങ്ങുകയാണ്.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കൃഷ്ണൻകുട്ടിയുടെ വീട്ടിലും ബാങ്ക് അധികൃതർ പലതവണ ചെന്നിരുന്നു. അർബുദ ബാധയെ തുടർന്ന് ശാരീരികമായി അവശനായ കൃഷ്ണൻകുട്ടി ഈയടുത്താണ് ജീവിതോപാധി എന്ന നിലയിൽ ലോട്ടറി വിൽപനയിലേക്ക് കടന്നുചെന്നത്.
അരയേക്കറോളം ഭൂമിയാണ് ഇവർക്കുള്ളത്. ഇതിൽ നിന്നുള്ള വരുമാനമെല്ലാം നിലച്ചിരുന്നു. കൃഷി ആവശ്യത്തിനായിരുന്നു ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. കൃഷി നശിച്ചതോടെ വരുമാനം നിലച്ചു. ഇതോടെയാണ് തുക തിരിച്ചടക്കാൻ പറ്റാതായതെന്ന് മകൻ മനോജ് പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കാർഷിക മേഖലയിൽനിന്ന് ഉയരുന്നത് വിലാപങ്ങൾ മാത്രമാണ്. കാലാവസ്ഥ വ്യതിയാനവും രോഗ, കീടബാധകളുമെല്ലാം കർഷകരെ തളർത്തുന്നു. ഇതിനുപുറമെ രൂക്ഷമായ വന്യജീവി ശല്യവും വനാതിർത്തി പ്രദേശങ്ങളിൽ പതിവാണ്. ഇതിനെയെല്ലാം അതിജീവിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകാൻ സാധാരണക്കാരായ ആളുകൾക്ക് കഴിയാതായി.
കൃഷി വികസനത്തിനായാണ് വർഷങ്ങൾക്കുമുമ്പ് കർഷകരിൽ നല്ലൊരു പങ്കും വായ്പയെടുത്തത്. എന്നാൽ, പുനർകൃഷി പലർക്കും നഷ്ടമായി. 90 കളിൽ ജില്ലയിലെ സമ്പദ് ഘടന നിയന്ത്രിക്കുന്ന മേഖലയായിരുന്നു പുൽപള്ളി. കുരുമുളക് കൃഷി അന്ന് വ്യാപകമായിരുന്നു. ഇന്ന് കുരുമുളക് കൃഷി പാടേ ഇല്ലാതായി.
നിലവിൽ പതിനായിരത്തിലേറെ കർഷകർ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ നടപടി ശക്തമാക്കിയതോടെ വീണ്ടും കർഷക ആത്മഹത്യകൾക്ക് സാധ്യത ഏറുകയാണ്. നാട്ടിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബാങ്കുകളിൽ നല്ലൊരു പങ്കും കർഷകർക്ക് വായ്പ നൽകുന്നതും നിർത്തി.
ഇതോടെ ബ്ലേഡ് സംഘങ്ങൾ നാട്ടിൽ സജീവമായിട്ടുണ്ട്. ഇവരിൽനിന്നും പണം പലിശക്ക് എടുത്തവരും വൻ കുരുക്കിലായിരിക്കുകയാണ്. നിരവധി ആളുകളുടെ വീടും പറമ്പുമടക്കം ബ്ലേഡ് നടത്തിപ്പുകാർക്ക് തീറെഴുതിക്കൊടുക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.