ബീച്ചനഹള്ളി അണക്കെട്ട് തുറന്നു; കബനി വറ്റുന്നു
text_fieldsപുൽപള്ളി: കബനി നദിയിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം ബീച്ചനഹള്ളി അണക്കെട്ടിൽനിന്ന് കർണാടക വെള്ളം തുറന്നുവിടാൻ തുടങ്ങിയതോടെയാണ് ജലനിരപ്പ് കുത്തനെ താഴ്ന്നത്.
പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിയുടെ ഭാഗങ്ങളിൽ പാറക്കെട്ടുകൾ തെളിഞ്ഞുതുടങ്ങി. കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിൽനിന്ന് കൃഷി ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടതാണ് ജലനിരപ്പ് താഴാൻ കാരണമായത്. ഫെബ്രുവരി പകുതിക്കുമുമ്പ് ജലനിരപ്പ് കുത്തനെ താഴ്ന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്. പുഴയിൽനിന്ന് വെള്ളം പമ്പുചെയ്ത് നിരവധി ഹെക്ടർ സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്. പുഴയിൽ ജലലഭ്യത ഇല്ലാതാകുന്നതോടെ ഇത് നിലക്കും. താപനില ഉയരുന്നതും വരാനിരിക്കുന്ന വരൾച്ചക്കു മുന്നോടിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പൂർണമായും വയനാട്ടിൽനിന്ന് ഉത്ഭവിക്കുന്ന കബനി നദിയിലെ ജലം പൂർണതോതിൽ ഉപയോഗപ്പെടുത്തുന്നത് കർണാടകയാണ്. കർണാടകയുടെ ആവശ്യങ്ങൾക്കു ശേഷമാണ് വെള്ളം തമിഴ്നാടിനും കൊടുക്കുന്നത്. കൊളവള്ളി ഭാഗത്ത് പുഴ ജലസമൃദ്ധമാണ്. ഈ ഭാഗത്ത് സ്വകാര്യവ്യക്തികളടക്കം മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് വയൽകൃഷി ഉൾപ്പെടെ നടത്തുന്നത്. ജലസേചന വകുപ്പിന്റെ പമ്പ് ഹൗസും ഇവിടെയുണ്ട്.
കബനിയിൽ വരുംദിവസങ്ങളിൽ ജലനിരപ്പ് കുറയുന്നതോടെ കൃഷിപ്പണികളെ ദോഷകരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. മുൻ വർഷങ്ങളിൽ മാർച്ച് മാസത്തോടെയായിരുന്നു വെള്ളം പുഴയിൽ കുറഞ്ഞത്. എന്നാൽ, ഇത്തവണ കർണാടകയിൽ കൃഷിപ്പണികൾ നേരത്തേ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത അളവിൽ വെള്ളം ഈ ആവശ്യങ്ങൾക്കായി തുറന്നുവിടുന്നുമുണ്ട്. കൃഷി ആവശ്യങ്ങൾക്ക് ജലവിനിയോഗം കുറഞ്ഞാൽ കാർഷിക മേഖലയിൽ വൻ തിരിച്ചടികളുണ്ടാകുമെന്ന് കർഷകർ പറയുന്നു. പെരിക്കല്ലൂർ ഭാഗത്ത് പുഴയിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. മരക്കടവ് ഭാഗത്ത് വെള്ളം താഴ്ന്നാൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.