പെരിക്കല്ലൂർ കടവിൽ തോണി സർവിസ് പുനരാരംഭിച്ചു
text_fieldsപുൽപള്ളി: മാസങ്ങളുടെ ഇടവേളക്കുശേഷം പെരിക്കല്ലൂർ കടവിൽ തോണി സർവിസ് പുനരാരംഭിച്ചു. ഇൻഷുറൻസ് പരിരക്ഷയും ലൈഫ് ജാക്കറ്റുമടക്കം ഒരുക്കിയാണ് സർവിസ് ആരംഭിച്ചത്.
ഒരുമാസം മുമ്പ് കർണാടകയിലെ ബൈരക്കുപ്പയിൽനിന്ന് പെരിക്കല്ലൂരിലേക്ക് തോണി സർവിസ് ആരംഭിച്ചിരുന്നു. കർണാടക സർക്കാറിന്‍റെ അനുമതിയോടെയാണ് സർവിസ് ആരംഭിച്ചത്. ഇൻഷുറൻസ് സംവിധാനങ്ങളടക്കം ഇവർക്ക് ഒരുക്കിയിരുന്നു. കബനി നദിയിൽ തോണി സർവിസ് നടത്താൻ കേരളത്തിൽനിന്നുള്ളവരും ഇതേ നിബന്ധനകൾ പാലിക്കണമെന്ന് കർണാടക അറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് വയനാട് ജില്ല കലക്ടർ അടക്കം ഇടപെട്ട് ഇവർക്ക് ഇൻഷുറൻസ് സുരക്ഷ ഒരുക്കിയത്.
ഒരു തോണിയിൽ ആറുപേർക്കാണ് സഞ്ചരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ലൈഫ് ജാക്കറ്റ് യാത്രക്കാരടക്കം ധരിക്കണം. തോണി സർവിസ് നടത്തുന്നവർക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ വിതരണം കഴിഞ്ഞ ദിവസം നടന്നു. ആറു തോണിക്കാർക്കാണ് കഴിഞ്ഞ ദിവസം സർവിസ് നടത്താൻ അനുമതി നൽകിയത്. തിരിച്ചറിയൽ കാർഡുകളുടെയും ഇൻഷുറൻസ് പോളിസികളുടെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വിജയൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കലേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ജോസ്, പഞ്ചായത്ത് സെക്രട്ടറി വി.എം. അബ്ദുല്ല, സെൽവൻ, ഡീവൻസ്, സബ് ഇൻസ്‍പെക്ടർ ബെന്നി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.