ചിത്രരചനയിൽ തിളങ്ങി സഹോദരങ്ങൾ
text_fieldsപുൽപള്ളി: ചിത്രരചനയിൽ ശ്രദ്ധേയരായി പുൽപള്ളിയിലെ വിദ്യാർഥികളായ സഹോദരങ്ങൾ. പെൻസിൽ ചിത്രരചനയിൽ സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും അടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് അംഗീകാരം നേടിയവരാണ് പുൽപള്ളി ഈട്ടിക്കവലയിലെ മുരിയൻകാവിൽ ജെയിംസ്-മിനി ദമ്പതികളുടെ മക്കളായ അലൻ ക്രിസ്റ്റിയും ഷോൺ ക്രിസ്റ്റോയും.
രണ്ടു വർഷം മുമ്പാണ് അലൻ ചിത്രരചനയിലേക്ക് തിരിഞ്ഞത്. രണ്ട് ലോക്ഡൗൺ കാലയളവിലായി അലൻ വരച്ചത് നൂറിലധികം ചിത്രങ്ങളാണ്. പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് അലൻ. ഇതേസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സഹോദരനായ ഷോൺ. പുൽപള്ളി രവിവർമ ചിത്രകല വിദ്യാലയത്തിലായിരുന്നു അലൻ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ചത്. ഷോൺ ആരുടെയും ശിക്ഷണം നേടാതെയാണ് ചിത്രങ്ങൾ വരക്കുന്നത്.
പ്രകൃതിദൃശ്യങ്ങളും പക്ഷിമൃഗാദികളുടെ ചിത്രങ്ങളും സിനിമാതാരങ്ങളുടെ ചിത്രങ്ങളും എല്ലാം കുറഞ്ഞ സമയംകൊണ്ടുതന്നെ ഇവർ വരക്കുന്നു. പെൻസിലിെൻറ സാധ്യതകൾ സൂക്ഷ്മമായി മനസ്സിലാക്കി ചിത്രം വരക്കുന്നതിൽ ശ്രദ്ധേയരാണ് ഇരുവരും.
പഠനസമയത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ചിത്രരചന. സ്കൂൾതലങ്ങളിലടക്കം നിരവധി സമ്മാനങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.