അപകടം സംഭവിച്ചാലേ ഈ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിക്കൂ..
text_fieldsപുൽപള്ളി: പുൽപള്ളി താന്നിത്തെരുവില്‍ അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഇത് സംബന്ധിച്ച പരാതിയിൽ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. താന്നിത്തെരുവ് കവലയില്‍ രണ്ടുപതിറ്റാണ്ടിനുമുമ്പ് നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനോ, പൊളിച്ച് പുതിയത് നിര്‍മിക്കാനോ അധികൃതര്‍ തയാറല്ല. സാങ്കേതികത്വം പറഞ്ഞ് നടപടി വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുൽപള്ളിയില്നിന്ന് കാപ്പിസെറ്റ്, അമ്പത്താറ്, വണ്ടിക്കടവ്, മീനങ്ങാടി ഉള്‍പ്പെടെയുള്ള റൂട്ടുകളിലേക്കുള്ള യാത്രക്കാര്‍ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം കൂടിയാണിത്. കേന്ദ്രത്തിന്റെ അടിത്തറ ഇളകിയും ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞും ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. രണ്ട് കോളജുകളും ഒരുസ്കൂളും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്ക്കുന്ന ഇടംകൂടിയായിട്ടുപോലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് വീതികൂട്ടി ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഇരുവശവും ഇന്റര്‍ലോക്ക് വിരിച്ച് കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രദേശവാസികള്‍ പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് റോഡ് നവീകരണ പ്രവൃത്തിയോടൊപ്പം ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കണമെന്ന് കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, റോഡിന്റെ നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടും അപകടാവസ്ഥയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഉദാസീനത കാണിക്കുകയാണ്. അടിയന്തരമായി ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.