നാണ്യവിള ജലസേചനം അടുത്ത ലക്ഷ്യം -മന്ത്രി റോഷി അഗസ്റ്റിന്
text_fieldsപുൽപള്ളി: നെല്പാങ്ങളിലെ ജലസേചനത്തിന് പുറമെ നാണ്യവിളത്തോട്ടങ്ങളിലേക്കുള്ള ജലസേചനമാണ് അടുത്ത ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. മുള്ളന്‍കൊല്ലിയില്‍ ജൽജീവന്‍ മിഷന് രണ്ടാംഘട്ട ശുദ്ധജല വിതരണ പദ്ധതി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകളില്‍ നിന്നും കൂടുതല്‍ വരുമാനം ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കും. 50 മുതല്‍ 60 വരെ കര്‍ഷകരെ ഒരു യൂനിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പാക്കുക. കൃഷിക്ക് ജലസേചന സൗകര്യം അത്യന്താപേക്ഷിതമാണ്. കൃഷിയിടങ്ങള്‍ നിലനിര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമാവശ്യമായ പിന്തുണ നല്‍കും.
കൃഷിയിടങ്ങളിലെ ജലസേചനത്തിന് മുന്‍ഗണന നല്‍കും. ജലവിഭവ വകുപ്പിനെ കര്‍ഷകസൗഹൃദ വകുപ്പാക്കി മാറ്റും. കാര്‍ഷിക മേഖലയെ ശാക്തീകരിക്കാനുള്ള വിവിധ പദ്ധതികള്‍ ജലവിഭവ വകുപ്പ് ആവിഷ്കരിച്ച് വരികയാണ്.
ഭൂജലനിരപ്പ് അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട വെള്ളം ഉപയോഗപ്പെടുത്താന്‍ സാധിക്കണം. സുതാര്യമായ രീതിയിലൂടെ മാത്രമേ കടമാന്‍തോട് അടക്കമുള്ള പദ്ധതികള്‍ തുടങ്ങുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയന്, മേഴ്സി സാബു, ടി.എസ്. ദിലീപ് കുമാര്‍, ഷീല പുഞ്ചവയല്‍, ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കെ. വിനോദന്‍, എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.സി. ബിജു, കെ.ജെ. ദേവസ്യ എന്നിവര്‍ സംസാരിച്ചു.
ജൽജീവന്‍ മിഷന് രണ്ടാംഘട്ടം: 22,728 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കും
പുൽപള്ളി: പൂതാടി, പുല്പള്ളി, നെന്മേനി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 22,728 വീടുകളില്‍ 2024 മാര്‍ച്ചോടെ ശുദ്ധജലമെത്തും. ജൽജീവന്‍ മിഷന് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതികള്‍ വഴിയാണ് കുടിവെള്ളം ലഭ്യമാക്കുക.
പൂതാടി പഞ്ചായത്തില്‍ 5948, പുല്‍പ്പള്ളി 5633, നെന്മേനി 6547, മുളളന്‍കൊല്ലി 4600 എന്നിങ്ങനെയാണ് കണക്ഷനുകള്‍ നല്‍കുന്നത്. പദ്ധതികള്‍ക്ക് 189 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി.
പൂതാടി, പുല്‍പ്പള്ളി, നെന്മേനി പഞ്ചായത്തുകള്‍ക്കാവശ്യമായ വെള്ളം കാരാപ്പുഴ ഡാം റിസര്‍വോയറില്‍ നത്തന്കുനിയില് നിർമിക്കുന്ന 35 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുളള ശുദ്ധീകരണശാലയില്‍ നിന്നാണ് ലഭ്യമാക്കുക. ഒഴലക്കൊല്ലിയില്‍ നിർമിക്കുന്ന ബൂസ്റ്റര്‍ സ്റ്റേഷനിലൂടെ അമ്പലവയലില്‍ നിർമിക്കുന്ന 13 ദശലക്ഷം ശേഷിയുള്ള മാസ്റ്റര്‍ ബാലന്‍സിങ് റിസര്‍വോയറില്‍ വെള്ളമെത്തിക്കും.
ഇവിടെ നിന്ന് വികാസ് കോളനി, പൊന്മുടിക്കോട്ട, കുപ്പക്കൊല്ലി, അമ്പുകുത്തി, അതിരാറ്റുകുന്ന്, ഏരിയപ്പള്ളിക്കുന്ന്, മരകാവ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ജലസംഭരണിയില്‍ വെള്ളമെത്തിക്കും. ഇവിടെ നിന്നുമാണ് വിതരണശൃംഖല വഴി വീടുകളില്‍ വെള്ളമെത്തുക.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനിഗിരിയില്‍ നിലവിലുളള 5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയുടെ വെള്ളം പാടിച്ചിറയില്‍ നിര്‍മിക്കുന്ന 10.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയിലെത്തിച്ച് ശിശുമല, ശശിമല, സീതാമൗണ്ട് എന്നിവിടങ്ങളിലെത്തിച്ചാണ് വിതരണം. ശിശുമലയിലും പാടിച്ചിറയിലും ജലസംഭരണി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം ലഭിച്ചിട്ടുണ്ട്. ആകെ 55 കിലോമീറ്ററാണ് വിതരണശൃംഖല സ്ഥാപിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.