കടുവ ഭീതിയിൽ ചീയമ്പം 73 ഗ്രാമം
text_fieldsപുൽപള്ളി: കടുവ ഭീതിയിൽ പൂതാടി പഞ്ചായത്തിലെ ചീയമ്പം 73 ഗ്രാമം. നാലുവശവും വനത്താൽ വലയംചെയ്തു കിടക്കുന്ന ഈ പ്രദേശം കഴിഞ്ഞ കുറേ മാസങ്ങളായി കടുവ ഭീതിയിലാണ്.
സമീപകാലത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊലപ്പെടുത്തി. ആദിവാസി കുടുംബങ്ങളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ഏതാനും വർഷം മുമ്പ് വനംവകുപ്പ് അധീനതയിലുള്ള കാപ്പിത്തോട്ടം ഇവിടുത്തെ കുടുംബങ്ങൾക്ക് പതിച്ചു നൽകുകയായിരുന്നു.
പ്ലാേൻറഷനാണ് ഒരു ഭാഗം. മറുഭാഗത്ത് സ്വാഭാവിക വനവും. ഇക്കാരണത്താൽ കാട്ടുമൃഗങ്ങൾ ഇവിടെ സദാസമയവും വിഹരിക്കുന്നു. കഴിഞ്ഞ ദിവസം 73 കോളനിയിലെ മാരെൻറ ആടിനെ കടുവ കൊന്നിരുന്നു. ആറുമാസത്തിനിടെ പത്തോളം ആടുകളെ കടുവ കൊന്നു. കടുവ വളർത്തുമൃഗങ്ങളെ പിടിക്കു്പോൾ മാത്രമാണ് അധികൃതരുടെ ശ്രദ്ധ ഇവിടേക്കു പതിയാറുള്ളത്. കഴിഞ്ഞ ദിവസം കാമറകൾ ഇവിടെ സ്ഥാപിച്ചെങ്കിലും കടുവയുടെ സാമീപ്യം ഇതിൽ പതിഞ്ഞിട്ടില്ല. കടുവ കൊലപ്പെടുത്തിയ ആടുകളുടെ ഉടമസ്ഥർക്ക് യഥാസമയം നഷ്ടപരിഹാരവും ലഭ്യമാക്കുന്നില്ല.
കന്നുകാലികളെയും ആടിനെയും മറ്റും വളർത്തിയാണ് ഭൂരിഭാഗം കുടുംബവും ജീവിക്കുന്നത്. കടുവ ശല്യം വർധിച്ചതോടെ വളർത്തുമൃഗങ്ങളുടെ പരിചരണം ഇവിടെയുള്ളവർക്ക് ദുഷ്കരമായി. കാലികളെ കൂട്ടിൽ നിന്ന് പുറത്തിറക്കി മേയാൻവിടുന്നതിനുപോലും ഇവർ ഭയക്കുന്നു. പാൽ അളക്കാൻ പോകുന്ന കർഷകരും ഭയത്തിലാണ്. പുലർച്ചെ കാട്ടിനുള്ളിലെ ഈ ഗ്രാമത്തിൽ നിന്നും ഏറെ ദൂരം നടന്നു വേണം പാലളവ് കേന്ദ്രങ്ങളിലെത്താൻ. വിദ്യാലയങ്ങൾ തുറക്കുന്നതോടെ കുട്ടികളെ രാവിലെയും ഉച്ചക്കുശേഷവും കാടിന് പുറത്തെത്തിക്കാനും രക്ഷിതാക്കൾ കഷ്ടപ്പെടേണ്ടിവരും. കടുവ ശല്യത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ രാജൻ വനപാലകർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.