തിരുപ്പിറവി വരവേൽക്കാൻ പുൽക്കൂടുകൾ
text_fieldsപുൽപള്ളി: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുമ്പോൾ പുൽപള്ളി വൈ.എം.സി.എ ഓഡിറ്റോറിയത്തിന് സമീപം നിർമിച്ച പുൽക്കൂട് ശ്രദ്ധേയമാകുന്നു. ഉണ്ണിയേശുവിന്റെ ജനനം പ്രതിപാദിക്കുന്ന ചരിത്രമാണ് ഇവിടെ പുനഃസൃഷ്ടിച്ചത്.
പുൽപള്ളി വൈ.എം.സി.എയുടെ നേതൃത്വത്തിലാണ് ഭീമൻ പുൽക്കൂട് ഒരുക്കിയത്. കാലിത്തൊഴുത്തും മലനിരകളും ഗുഹകളും നദികളും പർവതങ്ങളും മരുഭൂമിയും എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അലങ്കാരമായി നക്ഷത്രങ്ങളും മരങ്ങളുമെല്ലാം പുൽക്കൂടിന് സമീപം ഒരുക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ ജനന സ്ഥലവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്.
ഗലീലി, ജറൂസലം, നസ്രത്ത്, യൂദയ, ബത്ലഹേം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നിരവധി ആളുകളാണ് പുൽക്കൂടും അനുബന്ധ കാര്യങ്ങളും കാണാൻ ഇവിടെയെത്തുന്നത്. ബത്തേരിയിൽ ഹോംഗാർഡായി ജോലി നോക്കുന്ന പുൽപള്ളി സ്വദേശി ബിജു വർഗീസിന്റെ നേതൃത്വത്തിലാണ് പുൽക്കൂട് നിർമിച്ചത്. രണ്ടാഴ്ചയിലധികം ചെലവഴിച്ചാണ് പുൽക്കൂട് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.