ബസ് ഡ്രൈവറെ പൊലീസ് കൈയേറ്റം ചെയ്തെന്ന് പരാതി; പുൽപള്ളിയിൽ ബസ് ജീവനക്കാർ പണിമുടക്കി
text_fieldsപുൽപള്ളി: പുൽപള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കൈയേറ്റം ചെയ്തെന്നാരോപിച്ച് പ്രതിഷേധവുമായി സംയുകത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി. തൊഴിലാളി യൂനിയൻ പ്രതിനിധികൾ പൊലീസ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം പിന്നീട് പിൻവലിച്ചു.
അതേസമയം, എസ്.ഐയെ തൊഴിലാളികൾ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ എസ്.ഐയെ തിരുനെല്ലിയിലേക്ക് സ്ഥലംമാറ്റി.
വ്യാഴാഴ്ച വൈകീട്ട് പുൽപള്ളി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക് സമരം. സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ ജീവനക്കാരുടെ അഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ വിദ്യാർഥികളെയടക്കം കയറ്റിയിരുന്നു. ഇതേക്കുറിച്ച് ഡ്രൈവർ ചോദിക്കുന്നതിനിടെയായിരുന്നു കൈയേറ്റമെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം രംഗത്തുവന്നു. ഇതിനിടയിൽ പ്രബേഷനറി എസ്.ഐയെ മർദിച്ചതിന്റെ പേരിലാണ് കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ജീവനക്കാരെ എസ്.ഐ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ട്രേഡ് യൂനിയൻ നേതാക്കൾ സ്റ്റേഷനിലെത്തി സി.ഐക്ക് പരാതി നൽകിയെങ്കിലും പ്രശ്ന പരിഹാരത്തിന് ഉതകുന്ന ഇടപെടൽ ഉണ്ടായില്ല.
ഈ സാഹചര്യത്തിലായിരുന്നു തൊഴിലാളികൾ പണിമുടക്കിയത്.
പൊലീസിന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു. രാവിലെ ആറിന് ആരംഭിച്ച ബസ് സമരം ഒമ്പതോടെ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.