ചന്ദ്രോത്ത് വയലിൽ പശുവിനെ കടുവ കൊന്നു
text_fieldsപുൽപള്ളി: ചേകാടിക്കടുത്ത ചന്ദ്രോത്ത് വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചുകൊന്നു. ചെന്ദ്രാത്ത് കൃഷ്ണന്റെ ആറ് വയസ്സു ള്ള പശുവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. വയലിൽ പണിയെടുത്തുകൊണ്ടിരുന്നവർ ശബ്ദം കേട്ട് ഓടിയത്തിയപ്പോഴേക്കും കടുവ പശുവിനെ ഉപേക്ഷിച്ച് വനത്തിനുള്ളിലേക്ക് കയറിപോവുകയായിരുന്നു.
അവശനിലയിലയിലായിരുന്ന പശു പിന്നീട് ചത്തു. വയലിൽ മേഞ്ഞിരുന്ന പശുവിനെ കടുവ വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. വനത്താൽ വലയം ചെയ്തുകിടക്കുന്ന ഗ്രാമമാണ് ചേന്ദ്രാത്ത്. പ്രദേശത്ത് കടുവ പശുവിനെ കൊന്നതോടെ ആളുകൾ ഭീതിയിലാണ്. വനം വകുപ്പ് അധികൃതരെത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു. ആദിവാസി കുടുംബങ്ങളടക്കം ഇവിടെ താമസിക്കുന്നുണ്ട്. ഇവരുടെ പ്രധാന ഉപജീവനമാർഗം കന്നുകാലി വളർത്തലാണ്.
കഴിഞ്ഞദിവസങ്ങളിൽ പുൽപള്ളി, മുള്ളൻകൊല്ലി ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. ജനവാസമേഖലകളായ പാളക്കൊല്ലി, മജണ്ട, സുരഭിക്കവല, വടാനക്കവല പ്രദേശങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. കടുവ സാന്നിധ്യത്താൽ ആളുകൾ ജോലിക്കും മറ്റും പോകാൻ ഭയപ്പെടുകയാണ്. കടുവയെ നിരീക്ഷിക്കുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും കൂടുവെച്ച് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.