പുൽപള്ളി മേഖലയിൽ വിളകൾ കരിഞ്ഞുണങ്ങുന്നു
text_fieldsപുൽപള്ളി: മഴക്കുറവിൽ പുൽപള്ളി മേഖലയിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചാമപ്പാറ, കൊളവള്ളി, കൃഗന്നൂർ, ശശിമല, ചണ്ണോത്തുകൊല്ലി പ്രദേശങ്ങളിലാണ് വിളകൾ വെള്ളമില്ലാതെ നശിക്കുന്നത്.
ജില്ലയിൽ മറ്റെല്ലാ സ്ഥലങ്ങളിലും കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ, ഈ പ്രദേശങ്ങളിൽ മഴ തീരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുദിവസം ചെറുമഴയാണ് ലഭിച്ചത്. കാപ്പി, കുരുമുളക് തുടങ്ങിയ വിളകളാണ് കൂടുതൽ നശിച്ചത്.
വരൾച്ചയുടെ തോത് മുൻവർഷങ്ങളേക്കാൾ കൂടുതലാണ്. ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കൃഷി സംരക്ഷിക്കാൻ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം കരിയാൻ തുടങ്ങിയ വിളകളെല്ലാം നശിക്കും. ഈ പ്രദേശത്തോട് ചേർന്ന കന്നാരം പുഴയും വറ്റിയിരിക്കുകയാണ്. കന്നാരംപുഴക്ക് അക്കരെയുള്ള കർണാടക വനമേഖലയിലും മഴ ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ തീറ്റയും വെള്ളവും തേടി വന്യജീവികൾ വയനാടൻ അതിർത്തി ഗ്രാമങ്ങളിൽ എത്തുകയാണ്. കുടിവെള്ള ക്ഷാമം മേഖലയിൽ രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.