കോൺക്രീറ്റ് കാലിൽ കുരുമുളക് കൃഷി
text_fieldsപുൽപള്ളി: മുരിക്കുൾപ്പെടെയുള്ള താങ്ങുകാലുകൾ രോഗബാധവന്ന് നശിച്ചതോടെ കോൺക്രീറ്റ് കാലിൽ കുരുമുളക് കൃഷി വിജയകരമായി നടത്തി മുന്നേറുകയാണ് ഒരു മിടുക്കൻ കർഷകൻ. പുൽപള്ളി കല്ലുവയൽ പുത്തൻ കണ്ടത്തിൽ സജീവനാണ് കോൺക്രീറ്റ് താങ്ങുകാലിൽ കുരുമുളക് കൃഷി വിജയകരമാക്കുന്നത്. മരംകൊണ്ടും മറ്റുമുള്ള താങ്ങുകാലുകൾക്ക് വിവിധ രോഗങ്ങൾ വന്നതോടെ വയനാട്ടിൽ കുരുമുളക് കൃഷി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് വ്യത്യസ്ത രീതി സജീവൻ പരീക്ഷിച്ചത്. വർഷങ്ങൾക്ക് മുമ്പ് കൃഷി നശിച്ച സ്ഥലത്ത് വ്യത്യസ്ത രീതി പരീക്ഷിച്ച് വീണ്ടും മികച്ച രീതിയിൽ കുരുമുളക് കൃഷി നടത്തുകയാണ് ഈ കർഷകൻ.
തന്റെ 30 സെന്റ് സ്ഥലത്താണ് നൂതനരീതിയിൽ കുരുമുളക് കൃഷി നടത്തിവരുന്നത്. മൂന്നുവർഷം മുമ്പ് കോൺക്രീറ്റ് കാലുകൾ വാർത്തെടുത്ത് അതിലാണ് കുരുമുളക് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 17 അടിയോളം നീളമുള്ളതും ആറിഞ്ച് വണ്ണമുള്ളതുമായ കോൺക്രീറ്റ് കാലുകൾ രണ്ടര അടിയോളം താഴ്ത്തി കുഴിച്ചിട്ടാണ് കുരുമുളകിന് താങ്ങുകാലുകൾ നിർമിച്ചിരിക്കുന്നത്. കാലുകൾക്ക് ചുവട്ടിൽ ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത് കുമ്പുക്കൽ കുരുമുളകാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ഡ്രിപ് ഇറിഗേഷൻ മുഖേനയാണ് ജലസേചനം. പൂർണമായും ജൈവരീതിയിലാണ് വളപ്രയോഗങ്ങൾ. മൂന്നു വർഷംകൊണ്ട് കായ്ക്കുന്ന കുരുമുളക് ചെടികളാണ് നട്ടിരിക്കുന്നത്. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ കൃഷിരീതികൾ കണ്ടറിയാൻ നിരവധി കർഷകരും ഇവിടെ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.