വനവിഭവങ്ങൾ കുറയുന്നു; കാട്ടുനായ്ക്കർ പ്രതിസന്ധിയിൽ
text_fieldsപുൽപള്ളി: വയനാടൻ വനങ്ങളിൽ ചെറുകിട വനവിഭവങ്ങൾ കുറയുന്നു. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വനവിഭവങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് ഗോത്രവിഭാഗക്കാർ. എന്നാൽ ചുണ്ട, ഓരില, കുറുന്തോട്ടി, നെല്ലിക്ക അടക്കമുള്ള വനവിഭവങ്ങൾ കാട്ടിൽ കുറയുകയാണ്.
കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ളവരാണ് പ്രധാനമായും വനവിഭവങ്ങൾ ശേഖരിക്കുന്നത്. അവർ അംഗങ്ങളായുള്ള പട്ടികവർഗ സഹകരണ സംഘങ്ങൾക്കാണ് ഇവർ പ്രധാനമായും നൽകുന്നത്.
മേപ്പാടി, പുൽപള്ളി, കല്ലൂർ, തിരുനെല്ലി, കൽപറ്റ എന്നിവിടങ്ങളിൽ പട്ടികവർഗ സംഘങ്ങളുണ്ട്. കുറുന്തോട്ടി കിലോഗ്രാമിന് 17 രൂപക്കും ഉണക്ക കുറുന്തോട്ടി 60 രൂപക്കുമാണ് ശേഖരിക്കുന്നത്.
വൻകിട ഔഷധനിർമാണ കമ്പനികളാണ് ഇവ കൊണ്ടുപോവുന്നത്. ഓരോ വർഷം കഴിയുന്തോറും വനവിഭവങ്ങൾ കുറഞ്ഞുവരുന്നതായാണ് ഇവ ശേഖരിക്കുന്നവർ പറയുന്നത്.
ഗോത്രവിഭാഗങ്ങളിലെ യുവാക്കളും വനവിഭവങ്ങൾ ശേഖരിക്കുന്നതിന് കാര്യമായി പോകുന്നില്ല. അശാസ്ത്രീയ വനവിഭവശേഖരണം കാട്ടിൽ വനവിഭവങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്. രാവിലെ മുതൽ വൈകീട്ടുവരെ വനത്തിൽ കുറുന്തോട്ടിയും മറ്റും ശേഖരിക്കാൻ പോകുന്നവർ വന്യമ്യഗങ്ങൾക്ക് മുന്നിൽ പെടുന്നതും പതിവാണ്.
ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്താലും 500,600 രൂപക്ക് മാത്രമേ പണിയെടുക്കാൻ പറ്റുന്നുള്ളൂ. അധ്വാനത്തിനുള്ള മതിയായ പ്രതിഫലം ലഭിക്കുന്നില്ല എന്ന പരാതിയും ഇവർക്കുണ്ട്. മറ്റുപണികളൊന്നും ഇല്ലാത്തതിനാലാണ് പലരും ഈ ജോലിയിൽതന്നെ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.