കുടിവെള്ളമില്ലാതെ ശശിമലയിലെ അമ്പതോളം കുടുംബങ്ങൾ
text_fieldsപുൽപള്ളി: കുടിവെള്ളമില്ലാതെ മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമലയിൽ 50ഓളം കുടുംബങ്ങൾ. ശിശുമല പള്ളിക്കു സമീപം തറപ്പത്തുകവല സ്വദേശികളാണ് കുടിവെള്ള ക്ഷാമത്തിൽ വലയുന്നത്. കുഴൽക്കിണറുകൾ പൂർണമായും വറ്റി. ഇതേത്തുടർന്ന് ക്ഷീരകർഷകർ പശുക്കളെ വിൽക്കുകയാണ്. കാർഷിക മേഖലയും കരിഞ്ഞുണങ്ങി. പ്രദേശത്തെ കുഴൽക്കിണറുകളിലെല്ലാം അസാധാരണമാംവിധം വെള്ളം വലിഞ്ഞുപോയി. 550 അടി താഴ്ചയുള്ള കിണർ പോലും വറ്റി. പ്രദേശത്തുകാർ ദൂരസ്ഥലങ്ങളിൽനിന്ന് വണ്ടിയിൽ വെള്ളം കൊണ്ടുവന്നാണ് വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. 10 വർഷത്തോളമായി വെള്ളംലഭിച്ചുകൊണ്ടിരുന്ന കിണറുകളാണ് എല്ലാം. നാട്ടുകാർ നിരവധി തവണ അധികാരികളോട് വിവരങ്ങൾ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
പശുവളർത്തൽ പ്രധാന ജീവിതോപാധിയായി സ്വീകരിച്ചിട്ടുള്ള പ്രദേശത്തെ കർഷകർ കുടിവെള്ളം കൊടുക്കാൻ സാധിക്കാത്തതിനാൽ പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്. പത്തോളം പശുക്കളുടെ ഫാം ഉണ്ടായിരുന്ന ചിറയ്ക്കൽ വർഗീസ് മുഴുവൻ പശുക്കളെയും വിറ്റു. കറവക്കുള്ള യന്ത്രങ്ങൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു. വലിയ സാമ്പത്തിക നഷ്ടമാണ് ഇവർക്കുണ്ടായത്. എസ്.സി കോളനിയിലേക്കുള്ള ജലവിതരണം വളരെ കുറഞ്ഞു. പ്രദേശമാകെ വരൾച്ചയുടെ പിടിയിലാണ്. കുരുമുളക്, കാപ്പിത്തൈകൾ തുടങ്ങിയവ കരിഞ്ഞുതുടങ്ങി.
അസാധാരണമാംവിധം വെള്ളം വറ്റുന്നതിന്റെ പ്രധാന കാരണം താഴ്ഭാഗത്തുള്ളവർ അനിയന്ത്രിതമായി കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുന്നതും തൊട്ടടുത്ത ക്രഷറിന്റെ പ്രവർത്തനവുമാണെന്ന് പ്രദേശവാസികൾ പറയുന്നു. ക്രഷറിൽനിന്ന് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം പമ്പു ചെയ്തുകളഞ്ഞിട്ടാണ് ഓരോ ദിവസവും പ്രവൃത്തി തുടങ്ങുന്നതെന്ന് ഇവർ പറയുന്നു.
ജലവിതരണത്തിനായി ജൽജീവൻ മിഷൻ പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ പൈപ്പുകൾ ഇട്ടിട്ടുണ്ട്. എന്നാൽ, ഇതിനുള്ള പ്രധാന പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തുള്ള 36 കുടുംബങ്ങൾ തങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ലെന്ന് ഒപ്പിട്ട പരാതി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. 600 ലിറ്ററോളം പാൽ അളന്നുകൊണ്ടിരുന്ന പ്രദേശത്തുനിന്ന് ഇപ്പോൾ നാമമാത്രമായ തോതിൽ മാത്രമാണ് പാൽ ലഭ്യമാകുന്നത്. ജലലഭ്യതക്കുറവുമൂലം പശുവളർത്തലിൽനിന്ന് കർഷകർ പൂർണമായും പിന്തിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.