കോട്ടക്കൊല്ലി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsപുൽപള്ളി: ഇരുളം കോട്ടക്കൊല്ലി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ഒരു കിണറിനെ മാത്രം ആശ്രയിച്ചു കഴിയുന്നത് നൂറുകണക്കിന് ആളുകളാണ്. കിണറ്റിൽ ആവശ്യത്തിന് വെള്ളവുമില്ല.
കോളനിയിലെ വീടുകൾ കുന്നിൻപുറത്താണ്. താഴ്ഭാഗത്തെ കിണറ്റിൽനിന്ന് തലച്ചുമടായാണ് കോളനിവാസികൾ വെള്ളം കൊണ്ടുവരുന്നത്. വെള്ളത്തിനായി കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയും ചിലർക്കുണ്ട്. വെള്ളം ശേഖരിക്കുന്നതിന് സദാ കിണറിന് മുന്നിൽ ക്യൂവാണ്. വൈകുന്നേരങ്ങളിൽ പണിക്ക് പോയി വരുന്നവർ രാത്രിയിൽ വെള്ളം കൊണ്ടുവരാനായി ക്യൂ നിൽക്കണം. കിണറിന്റെ ആഴം കൂട്ടാൻ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. വേനൽ ആരംഭത്തിൽ തന്നെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കിണറ്റിൽ വെള്ളം വറ്റിയാൽ സമീപപ്രദേശങ്ങളിൽനിന്ന് വെള്ളമെടുക്കാൻ സൗകര്യവുമില്ല.
റോഡും കുടിവെള്ളവുമില്ലാതെ മരകാവ് കോളനി
പുൽപള്ളി: മരകാവ് കോളനിക്കാർ റോഡ്, കുടിവെള്ളം എന്നിവയില്ലാതെ ബുദ്ധിമുട്ടുന്നു. മൂന്നുവർഷം മുമ്പ് പാളക്കൊല്ലിയിൽനിന്ന് പുനരധിവസിപ്പിച്ച 36 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുനൽകിയാണ് കോളനിവാസികളെ പുനരധിവസിപ്പിച്ചത്. പാളക്കൊല്ലി കോളനിയിൽ മഴക്കാലമായാൽ വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് കോളനി വാസികളെ മരകാവിലേക്ക് മാറ്റിയത്. 10 സെന്റ് സ്ഥലവും അതിനകത്ത് വീടും എല്ലാ കുടുംബങ്ങൾക്കും നൽകി. എന്നാൽ, കുടിവെള്ളത്തിന്റെയും റോഡിന്റെയും കാര്യത്തിൽ അധികൃതർ ശ്രദ്ധകൊടുത്തില്ല.
നാലേക്കറോളം വ്യാപിച്ചുകിടക്കുന്ന കോളനിയിലെ പലവീടുകളും ഉയരം കൂടിയ സ്ഥലങ്ങളിലാണ്. പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയാണ് ഇവർക്കും ആശ്രയം. കോളനിക്കാർക്കു മാത്രമായി കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. റോഡും മഴക്കാലമായാൽ ചളിക്കളമാകുന്നു.
ഈ സമയത്ത് ഇതിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.