നെൽകൃഷി സംരക്ഷണത്തിന് ചേകാടിയിൽ ഡ്രോണും
text_fieldsപുൽപള്ളി: നെൽകൃഷി സംരക്ഷണത്തിന് ചേകാടി പാടശേഖരത്തിൽ ഡ്രോൺ ജൈവലായനി പ്രയോഗം. നെൽകൃഷിയെ രോഗകീടബാധകളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായാണ് ജൈവരോഗപ്രതിരോധലായനി പ്രയോഗം. കാർഷിക വികസന കർഷകക്ഷേമവകുപ്പ് , ആത്മ വയനാട് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.
ചേകാടിയിലെ കാർഷികമേഖല മാറ്റത്തിന്‍റെ പാതയിലാണ്. ഒരു മണിക്കൂറിൽ പത്ത് ഏക്കർ വയലിൽ ലായനി തളിക്കാൻ കഴിയും. നെൽകൃഷിയിൽ ജൈവപ്രതിരോധം തീർക്കുന്നതിന്‍റെ ഭാഗമായാണ് ക്ലസ്റ്റർ ഡെമോൺസ്ട്രേഷൻ ആരംഭിച്ചത്.
നെല്ല് കതിരിടുന്നതിന് മുമ്പായി ലായനി പ്രയോഗിക്കുന്നതിനാൽ പൊതുവേ കീടങ്ങൾ കയറുന്നത് തടയാൻ കഴിയും. ലായനിയുടെ ഗന്ധം മൂലം പന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയവയും കൃഷിയിടത്തിലേക്ക് പ്രവേശിക്കില്ല. ആദ്യഘട്ടമായി ചേകാടിയിലെ പട്ടികവർഗ വിഭാഗക്കാരുടെ 100 ഏക്കർ വയലിലാണ് ലായനി പ്രയോഗം നടത്തുന്നത്.
അടുത്ത ഘട്ടത്തിൽ എല്ലാ കർഷകർക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാക്കും. മൂന്നു ഘട്ടങ്ങളിലായാണ് ലായനി പ്രയോഗം നടത്തുന്നത്. കൃത്യമായ ഇടവേളകളിലും അളവിലും സൂക്ഷ്മമൂലകങ്ങൾ നെൽചെടിയിലേക്ക് എത്തിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും.
ഡ്രോണിന്‍റെ വേഗത , പറക്കുന്ന ഉയരം ജൈവലായനിയുടെ അളവ് എന്നിവ കൃഷി ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണ് നടന്നത്. ചേകാടിയിൽ നടന്ന ചടങ്ങ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുൽപള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. എൻ. സുശീല, ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ബെന്നി, നിഖില പി ആന്‍റണി, ജില്ല കൃഷി ഓഫീസർ കെ. സഫീന, ആത്മ വയനാട് പ്രൊജക്ട് ഡയറക്ടർ ഷേർലി, ബിനോയ്, ഡോ.കെ. ആശ പുൽപള്ളി കൃഷി ഓഫീസർ അനു ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭന സുകു, പഞ്ചായത്തംഗം രാജു തോണിക്കടവ് , ശ്രീദേവി മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.