പണം തിരികെ ചോദിച്ച വയോധികന് ക്രൂര മർദനം, കാൽ അറ്റുതൂങ്ങി
text_fieldsപുൽപള്ളി: വായ്പ വാങ്ങിയ പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമം. പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോസഫിനാണ് (ജോബിച്ചന്-60) ഗുരുതരപരിക്കേറ്റത്. ക്രൂരമര്‍ദനത്തിനിരയായ ജോസഫിന്റെ കാല് അറ്റുതൂങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പെരിക്കല്ലൂര്‍ പുതുശ്ശേരി റോജിയെ (45)പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അക്രമത്തിലുള്‍പ്പെട്ട റോജിയുടെ സഹായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ജോസഫും റോജിയും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ജോസഫ് കടമായി നല്കിയ പണം റോജിയോട് തിരിച്ചുചോദിച്ചതിലുള്ള വിരോധമാണ് കാരണം. പണം വാങ്ങുന്നതിനായി ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ജോസഫ് പെരിക്കല്ലൂരിലുള്ള റോജിയുടെ വീട്ടിലേക്കെത്തിയത്. സ്കൂട്ടറുമായി വീട്ടുവളപ്പിലേക്കുകടന്ന ജോസഫിനെ ഓമ്നി വാന്‍ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ജോസഫിനെ റോജിയും ഇയാളുടെ സഹായിയും ചേര്‍ന്ന് തൂമ്പ കൊണ്ട് ആക്രമിച്ചു. ആക്രമത്തില്‍ ജോസഫിന്റെ വലത് കാല് അറ്റുതൂങ്ങി. ജോസഫിനെ കൃഷിയിടത്തില്കൊണ്ടിട്ടും മര്‍ദിച്ചു. വിവരമറിഞ്ഞ് രാവിലെ ഏഴ് മണിയോടെ പുൽപള്ളി പൊലീസ് എത്തിയാണ് ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുനിന്നുതന്നെ റോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജോസഫും റോജിയും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം മുതലെടുത്ത് ജോസഫിന്റെ വസ്തു ഈടുവെച്ച് റോജി കെ.എസ്.എഫ്.ഇയില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തിരുന്നു. ഇതിന് പുറമേ പണമായും വന്‍തുക റോജി വാങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം ജോസഫ് ഈ ഭൂമി വില്ക്കാന് ശ്രമിച്ചപ്പോള്‍, കെ.എസ്.എഫ്.ഇ.യില്‍ ഈടായി നല്കിയ ഭൂമിയുടെ രേഖകള്‍ തിരിച്ചെടുത്ത് നല്കാന് റോജി തയാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കിയും മധ്യസ്ഥ ചര്‍ച്ചകളിലൂടെയും റോജിക്ക് നല്കിയ പണവും ഭൂമിയുടെ രേഖകളും തിരിച്ചുവാങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നു ജോസഫ്. റിയല്‍ എസ്റ്റേറ്റ്, ചിട്ടി ഇടപാടുകള്‍ നടത്തുന്ന റോജി പലര്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.