മഴ തുടങ്ങിയിട്ടും കബനി നദി വറ്റി തീരം ഇടിഞ്ഞ് ഇല്ലാതാകുന്നു
text_fieldsപുൽപള്ളി: പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കബനി നദിയെ നശിപ്പിക്കുന്നു. കബനിയുടെ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞില്ലാതാകുന്നതും മാലിന്യകുത്തൊഴുക്കും നദിക്ക് ഭീഷണിയാകുന്നു. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിയുടെ ഇരു കരകളും ഇടിഞ്ഞ് ഇല്ലാതാകുകയാണ്. മുമ്പ് പുഴയിൽ നിന്നും അനിയന്ത്രിതമായി മണൽവാരിയതും മറ്റും ഇതിന് കാരണമാണ്. പുഴയുടെ തീരങ്ങളിൽ വരെ കുഴിച്ചെടുത്തു. ഇപ്പോൾ ശക്തമായി മഴ പെയ്താൽ വെള്ളം പുഴയുടെ കരകളിലേക്ക് എത്തുന്നതിന് ഇത് കാരണമായി. മഴ ശക്തമായാൽ പുഴയുടെ കരകളിൽ ഉള്ളവരെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയാണ്.
പുഴയോരം ഇടിയുന്നത് കാട്ടാനയടക്കമുള്ള വന്യജീവികൾ കർണാടകയിൽനിന്ന് കേരള തീരത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനും കാരണമാകുന്നു. നിലവിൽ വേനൽ ആരംഭത്തിൽ തന്നെ കബനി വറ്റുകയാണ്. മഴക്കാലം തുടങ്ങിയിട്ടും കബനി പാറക്കെട്ടുകൾ നിറഞ്ഞ നിലയിലാണ്. തീരം ഇടിയുന്നത് ഒഴിവാക്കുന്നതിനും മറ്റും വിവിധ പദ്ധതികൾ മുമ്പ് ആവിഷ്കരിച്ചിരുന്നു. ഒന്നും നടപ്പായില്ല.
കബനി നദിയുടെ കേരള തീരം അവസാനിക്കുന്നത് കൊളവള്ളിയിലാണ്. ഇവിടെ നിന്ന് ബീച്ചനഹള്ളി വരെയുള്ള ഭാഗം വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.
ഇക്കാരണത്താൽ ഈ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന കാലത്ത് കബനിയുടെ തീരങ്ങൾ പച്ചപ്പിലാക്കാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വൃക്ഷത്തൈകൾ കുറേ ഭാഗങ്ങളിൽ നട്ടു. ഇതെല്ലാം പരിചരണം ഇല്ലാതെ നശിച്ചു. നദിയൊഴുകുന്ന വയനാട് അതിർത്തി വരെയുള്ള ഭാഗത്ത് മഴ ശക്തമായാൽ മാത്രമേ വെള്ളം ഉണ്ടാകാറുള്ളു.
ഇവിടെനിന്നും ഒഴുകിപ്പോകുന്ന വെള്ളം മുഴുവൻ ബീച്ചനഹള്ളി അണക്കെട്ടിലാണ് കർണാടക കെട്ടി നിർത്തിയിരിക്കുന്നത്. ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനുമായി ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലേക്ക് കർണാടക പൈപ്പ് ലൈനുകൾ വഴി കൊണ്ടുപോകുന്നുണ്ട്. കബനിയുടെ കൈവഴികളായ കന്നാരംപുഴ, കടമാൻ തോട്, ബാവലി പുഴ തുടങ്ങിയവയിൽ നിന്നുള്ള വെള്ളവും ഇപ്പോഴും കബനിയിലേക്ക് എത്തുന്നുണ്ടെങ്കിലും കബനിയോട് ചേർന്ന് കിടക്കുന്ന വയനാടൻ അതിർത്തി ഗ്രാമങ്ങൾ വരണ്ടുണങ്ങുകയാണ്.
1974ലാണ് കർണാടക ബീച്ചനഹള്ളിയിൽ അണക്കെട്ട് നിർമിച്ചത്. ഇതിനുപുറമെ കർണാടക നൂകു, താർക എന്നിവിടങ്ങളിലും അണക്കെട്ട് നിർമിച്ചു. മണ്ണിൽ കലരുന്ന രാസമാലിന്യങ്ങളും കബനിയെ കൊല്ലുകയാണ്. മുമ്പെങ്ങും ഇല്ലാത്ത തരത്തിലാണ് കബനിയിലേക്ക് മാലിന്യ ഒഴുക്ക്. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു. മത്സ്യ സമ്പത്തും കുറഞ്ഞു. പലയിടത്തും പായലും വർധിക്കുകയാണ്.
പായലിന്റെ അതിപ്രസരത്താൽ ജലവിതരണ പദ്ധതികളിലേക്കുള്ള ശുദ്ധീകരണ ശാലകളിൽ പായൽ വില്ലനായി മാറുന്നുമുണ്ട്. ആൽഗൽ ബ്ലൂ എന്ന പ്രതിഭാസമാണ് പായൽ രൂപവത്കരണത്തിന് കാരണമാകുന്നത്. ജലസമ്പത്ത് കുറഞ്ഞ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ജില്ലയിൽ 76 ശതമാനം പ്രദേശത്തും നീരൊഴുക്കുള്ള കബനിയുടെയും പോഷക നദികളുടെയും കൈവരികളുടെയും നീർച്ചാൽ ശൃഖലയിലുണ്ടായ ശേഷണമാണ് വയനാട് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളി. ഇനിയുള്ള മൂന്ന് മാസക്കാലം മഴയുടേതാണ്. മഴവെള്ള സംഭരണത്തിന് ജില്ലയിൽ കാര്യമായ പദ്ധതികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.